ന്യൂഡൽഹി: പാകിസ്ഥാനിലെ തന്ത്രപ്രധാന വ്യോമത്താവളങ്ങൾ ആക്രമിച്ച് ശക്തമായ തീരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇന്ത്യ വെടിനിറുത്തൽ പ്രഖ്യാപിച്ചത്. ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. റാവൽപിണ്ടി, സിയാൽകോട്ട് എന്നിവിടങ്ങളിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകരരുടെ ലോഞ്ച് പാഡുകളും സൈനിക പോസ്റ്റുകളും ഇന്ത്യ തകർക്കുകയും ചെയ്തു. പിന്നാലെയാണ് വെടിനിറുത്തലിലേക്ക് എത്തിയത്. ഉച്ചയോടെ പാക് സൈന്യത്തിലെ ഡി.ജി.എം.ഒ ബന്ധപ്പെട്ട് വെടിനിറുത്തലിന് താത്പര്യം അറിയിച്ചെന്നാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. സൈനികതലത്തിൽ ചർച്ചകൾ തുടരും.
ഇന്നുവൈകിട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങൾക്കും നിർദേശങ്ങൾ നൽകിയതായും മിലിട്ടറി ഓപ്പറേഷനുകളുടെ ഡയറക്‌ടർ ജനറൽമാർ മേയ് 13ന് വീണ്ടും ചർച്ച നടത്തുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി അതേസമയം, ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പേജിലൂടയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് പോസ്റ്റിൽ കുറിച്ചു. സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സാമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് ഇരുരാജ്യങ്ങളോട് നന്ദിയെന്നും ട്രംപ് കുറിച്ചു. അതേസമയം, ചർച്ചയിൽ മൂന്നാം കക്ഷിയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |