കാസർകോട്: ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ഊരുകളിലും കോളനികളിലെ വീടുകളിലും സ്കൂളുകളിലും റേഷൻ കടകളിലും പരിശോധന നടത്തി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മെമ്പർ എം വിജയ ലക്ഷ്മി.
വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ട് ദിവസങ്ങളിലായാണ് പരിശോധന പൂർത്തിയാക്കിയത്. രണ്ടാമത്തെ ദിവസം ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഉൾപ്പെട്ട കേരള -കർണാടക അതിർത്തിയിലെ കോളിത്തട്ട് പട്ടിക വർഗ ഊര് സന്ദർശിച്ചു. ഭക്ഷ്യ- സിവിൽ സപ്ലൈസ്, പട്ടിക വർഗ വികസന വകുപ്പ് , വനം വകുപ്പ്, ഐ.സി.ഡി.എസ് പൊതുവിദ്യാഭ്യാസം എന്നിവയിലെ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.
ഊരിലെ പത്തോളം വീടുകളിലെ കുടുംബങ്ങളെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. റേഷൻ കടകളിലൂടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, അങ്കണവാടികൾ വഴിയുള്ള കുട്ടികൾക്കും അമ്മമാർക്കുമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ , ഗർഭകാല ധനസഹായം എന്നിവയെ കുറിച്ചും അന്വേഷിച്ചു. ആദ്യദിവസം കോളനികളിലെ വീടുകൾ. സ്കൂളുകൾ എന്നിവിടങ്ങളിൽ അവർ എത്തിയിരുന്നു. റേഷൻ കടകൾ വഴി അർഹമായ ഭക്ഷ്യധാന്യങ്ങളുടെ അളവ് ഊരിലെ കുടുംബങ്ങളെ ബോധ്യപ്പെടുത്തി. ഗോതമ്പ് നിർബന്ധമായും വാങ്ങാനും നിർദ്ദേശിച്ചു.
പാലാവയലിലെ പൊതുവിതരണ കേന്ദ്രത്തിലും പരിശോധന നടന്നു. ഭൂരിഭാഗം പട്ടിക വർഗ കുടുംബങ്ങൾ ഉൾപ്പെടുന്ന എ.എ. വൈ കാർഡുടമകൾക്ക് ഗോതമ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ കൃത്യമായി നൽകാൻ നിർദ്ദേശിച്ചു. ഭക്ഷ്യ കമ്മിഷൻ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ വി. രഞ്ജിത്ത്, വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ.കെ. രാജീവൻ, ജാസ്മിൻ കെ. ആന്റണി, ഭീമനടി ബിറ്റ് ഫോറസ്റ്റ് ഓഫിസർ കെ. വൈശാഖ്, നൂൺ മീൽ ഓഫിസർമാരായ ഇ.പി. ഉഷ, എം. സുനിൽകുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എ. ബാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |