തൃപ്പൂണിത്തുറ: കേരളത്തിലെ ഉത്സവാഘോഷങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ ആന എഴുന്നള്ളിപ്പുകളും പരമ്പരാഗത വെടിക്കെട്ടുകളും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ എറണാകുളം ജില്ലാ കമ്മിറ്റി നാളെ വൈകിട്ട് 4ന് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രപരിസരത്തു നിന്നും പ്രതിഷേധ റാലിയും തുടർന്ന് ലായം കൂത്തമ്പലത്തിൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
മൃഗസ്നേഹികൾ എന്ന വ്യാജേന കേരളത്തിലെ ആന എഴുന്നള്ളിപ്പുകൾ നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ കോടതികളെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി നേടാൻ ശ്രമിക്കുന്ന എൻ.ജി.ഒകളെ കേരളത്തിലെ ക്ഷേത്ര ഭാരവാഹികൾ ഒറ്റക്കെട്ടായി നേരിടും. സുപ്രീംകോടതി ഇടക്കാല ഉത്തരവ് പാലിച്ച് ക്ഷേത്രങ്ങൾ ആനകളുടെ എണ്ണം കൃത്യമായി നൽകി ഗജ ക്ഷേമത്തിന് മുൻതൂക്കം നൽകിയാണ് എഴുന്നള്ളിപ്പ് നടത്തുന്നത്. എന്നാൽ എൻ.ജി.ഒകളുടെ കടന്നുകയറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നു. ആന എഴുന്നള്ളിപ്പുകൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണം.
കേരളത്തിലെ പരമ്പരാഗത വെടിക്കെട്ടുകൾ ഇല്ലാതാക്കാനുള്ള ഉദ്യോഗസ്ഥ തലത്തിലുള്ള നീക്കം അവസാനിപ്പിക്കുക, നാട്ടാനകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാനുള്ള നിയമനിർമ്മാണം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്. വരാഹൻ, സെക്രട്ടറി കെ.ആർ. സജീഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |