കാഞ്ഞങ്ങാട്: വീട് നിർമ്മാണത്തിലും ഫർണിച്ചറുകളിലും പുതിയ സാങ്കേതിക വിദ്യകൾ കൈയടക്കുമ്പോൾ മരവ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കോൺക്രീറ്റ് കൊണ്ടും അലൂമിനിയവും സ്റ്റീലും കൊണ്ടുമുള്ള കട്ടിളകളും ജനലുകളും വ്യാപകമായതോടെ വീടുപണിക്ക് മരം വാങ്ങാൻ പോകുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
ചെലവുകുറഞ്ഞ വീട് നിർമ്മിക്കുന്നവർ മിക്കവാറും കോൺക്രീറ്റ്, അലൂമിനിയം കട്ടിളകളും ജനലുകളുമാണ് ഉപയോഗിക്കുന്നത്. വൻകിട കെട്ടിടങ്ങളും ഫ്ലാറ്റുകളുമെല്ലാം ജനലുകളുടെ സ്ഥാനത്ത് അലൂമിനിയം, സ്റ്റീൽ ഫാബ്രിക്കേഷൻ വ്യാപകമാക്കിയിരിക്കുകയാണ്. ഫർണിച്ചറുകളും മിക്കവാറും സ്റ്റീലിലേക്കും ഫൈബറികളിലേക്കുമൊക്കെ വഴിമാറി.
പഴയ ഓടിട്ട വീടുകളുടെ മേൽക്കൂര പുനർനിർമ്മിക്കുമ്പോഴും മരത്തിനു പകരം മിക്കവാറും ഇരുമ്പുപട്ടികകളാണ് ഉപയോഗിക്കുന്നത്.
പറമ്പുകളിലെ ചെറുതും വലുതുമായ മരങ്ങൾക്കെല്ലാം വിലകുറഞ്ഞു. കുറഞ്ഞ വിലയ്ക്ക് പ്ലൈവുഡ് ഫാക്ടറികളിലേക്ക് മാത്രമാണ് ഇപ്പോൾ കാര്യമായി മരങ്ങൾ എടുക്കുന്നത്. മരംമുറിക്കുന്ന തൊഴിലാളികളുടെ കൂലിയും കയറ്റിറക്കുകൂലിയും വാഹനച്ചെലവും കഴിച്ചാൽ ഉടമയ്ക്ക് കാര്യമായൊന്നും കിട്ടാനുണ്ടാവില്ല. പ്ലാവിനും തേക്കിനും പോലും മുൻകാലങ്ങളിലേതുപോലെ ഡിമാൻഡില്ലാതായി.
തൊഴിലില്ലാതെ പരമ്പരാഗത
മരപ്പണിക്കാർ
മരപ്പണിയിൽ യന്ത്രവത്കരണം വ്യാപകമായതോടെ പഴയ തരത്തിലുള്ള മരപ്പണിക്കാരുടെ തലമുറ ഏറെക്കുറെ കുറ്റിയറ്റുപോയി. യന്ത്രവത്കരണം വന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനലും വാതിലുകളും ഫർണിച്ചറുകളുമൊക്കെ ഉണ്ടാക്കാമെന്ന അവസ്ഥയാണ്. ചിലരൊക്കെ സ്വന്തമായി ഫർണിച്ചറുകൾ ഉണ്ടാക്കി വിൽപന നടത്തുന്ന കടകൾ തുറന്നിട്ടുണ്ടെങ്കിലും മരം കൊണ്ടുള്ള ഫർണിച്ചറുകളുടെ താരതമ്യേന ഉയർന്ന വില ഇടത്തരക്കാരെ പിന്നോട്ടുവലിക്കുകയാണ്. അലുമിനിയം, സ്റ്റീൽ ഫാബ്രിക്കേഷനിൽ നിർമ്മിച്ച ഫർണിച്ചറുകളിൽ മരത്തിന്റേതുപോലെ മെയിന്റനൻസ് ജോലികൾ വേണ്ടിവരില്ലെന്നതും കൂടുതൽ കാലം നിലനിൽക്കുന്നതും ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |