കാസർകോട്: ചെർക്കള ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മുംബൈയിലെ അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ഇഖ്ബാൽ അഹമ്മദ്കുട്ടി, ഭാര്യ റുബീന, മക്കളായ നൗഫൽസ, അഫീന, ഉമ്മർ എന്നിവർ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ന്യൂമുംബയിൽ നിന്ന് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തേക്ക് സി.എൻ.ജി കാറിൽ പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്.
ചെർക്കള പിലിക്കുണ്ടിനടുത്തെത്തിയപ്പോൾ കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇഖ്ബാൽഉടൻ കാർ നിർത്തുകയും ഭാര്യയെയും മക്കളെയും വിളിച്ചുണർത്തി വാഹനത്തിൽ നിന്ന് പുറത്തിറക്കുകയുമായിരുന്നു. കാറിനകത്തുണ്ടായിരുന്ന 62,500 രൂപയും നാലു പവന്റെ സ്വർണ്ണാഭരണവും രണ്ട് മൊബൈൽ ഫോണുകളും ക്യാമറയും കത്തിനശിച്ചു.
വിവരമറിഞ്ഞ് കാസർകോട് നിന്ന് അഗ്നിരക്ഷാസേനയെത്തി കാറിലെ തീയണച്ചു. അപ്പോഴേക്കും കാർ പൂർണ്ണമായി കത്തിനശിച്ചിരുന്നു. 50 ദിവസം മുമ്പ് വാങ്ങിയ സി.എൻ.ജി കാറാണ് കത്തിനശിച്ചത്. മുംബൈയിൽ താമസിക്കുന്ന ഇവർ കണ്ണപുരത്തെ റുബീനയുടെ സഹോദരന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |