SignIn
Kerala Kaumudi Online
Saturday, 20 April 2024 8.21 AM IST

ദേശീയപാതയ്‌ക്കരികിൽ അഞ്ച് വാഹനങ്ങൾ അഗ്നിക്കിരയായി

ire

 തീ പടർന്നത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്രിൽ നിന്ന്

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ പള്ളിക്ക് സമീപം റോഡുവക്കിൽ അഞ്ച് വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. ഒരു ബുള്ളറ്റ് രണ്ട് സ്കൂട്ടർ, ഓട്ടോറിക്ഷ, കാർ എന്നിവയാണ് അഗ്നിക്കിരയായത്.

യാത്രയ്ക്കിടയിൽ പ്ലഗിന്റെ ഭാഗത്ത് തീ ശ്രദ്ധയിൽപ്പെട്ടതോടെ റോഡ് വക്കിൽ ഒതുക്കിയ ബുള്ളറ്റിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ് മറ്റ് വാഹനങ്ങളിലേക്ക് തീ പടർന്നത്. ബുള്ളറ്രും കാറും ഒഴികെ മറ്റ് മൂന്ന് വാഹനങ്ങളും പള്ളിയിൽ ജുമാ നമസ്കാരത്തിന് എത്തിയവരുടേതായിരുന്നു. പെരുമ്പുഴ എ.എസ് മൻസിലിൽ അൻവർഷായുടെ ബുള്ളറ്റിൽ നിന്നാണ് തീ പടർന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കൊല്ലം ബിഷപ്പ് ജെറോം നഗറിൽ പോയി സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു അൻവർഷാ. ഇതിനിടയിൽ മുട്ടിന്റെ ഭാഗത്ത് ചൂട് അനുഭവപ്പെട്ടതോടെ നോക്കിയപ്പോൾ പ്ലഗിന്റെ ഭാഗത്ത് തീ കണ്ടു. റോഡ് വക്കിൽ ഒതുക്കിയതിന് പിന്നാലെ ബുള്ളറ്റിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. തീപിടിത്തം കണ്ട് സ്ഥലത്തുണ്ടായിരുന്നവർ ഓടിയെത്തി ഇരുചക്ര വാഹനങ്ങൾ വലിച്ചുനീക്കി, രണ്ട് കാറുകൾ തള്ളിനീക്കി. ഇതിനിടയിൽ തീപിടിച്ച കാറിന്റെ ചില്ലുകൾ പൊട്ടിത്തെറിച്ച് തുടങ്ങിയതോടെ രക്ഷാപ്രവർത്തനത്തിന് എത്തിയവർ ദൂരേക്ക് മാറി. തൊട്ടുപിന്നാലെ ഫയർഫോഴ്സെത്തി തീ കെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ റോഡുവക്കിൽ നൂറിലേറെ വാഹനങ്ങളുണ്ടായിരുന്നു. പള്ളിയിൽ നമസ്കാരത്തിന് എത്തിയവരിൽ വലിയൊരു ഭാഗത്തിന്റെ വാഹനങ്ങൾ ഈ ഭാഗത്താണ് പാർക്ക് ചെയ്തിരുന്ന്. അതിലേറെയും ഇരുചക്ര വാഹനങ്ങളായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ കൂടുതൽ വാഹനങ്ങൾ അഗ്നിക്കിരയായേനെ.

കുരീപ്പുഴ ശിവമംഗലത്തിൽ അർച്ചനയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച കാർ. ഈ കാറിൽ ഭർത്താവ് അഖിൽദാസ് കോയിക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിൽ എത്തിയതായിരുന്നു. കരിക്കോട് കായഴികത്ത് വീട്ടിൽ അൻസറിന്റെ ആക്ടീവ സ്കൂട്ടർ, ചാത്തിനാംകുളം പുത്തൻപുര തെക്കതിൽ അഷ്റഫിന്റെ ഓട്ടോറിക്ഷ, കല്ലുന്താഴം അനസ് അൻസീന മൻസിലിൽ നസറുദ്ദീന്റെ മാസ്ട്രോ സ്കൂട്ടർ എന്നിവയാണ് കത്തിനശിച്ച മറ്റ് വാഹനങ്ങൾ. കാറൊഴികെ ബാക്കി നാല് വാഹനങ്ങളും പൂർണമായും നശിച്ചു. കാറിന്റെ എൻജിൻ അടക്കമുള്ള മുൻഭാഗമാണ് കത്തിനശിച്ചത്. കടപ്പാക്കടയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ഡി.ബൈജു, അസി. സ്റ്റേഷൻ ഓഫീസർ വിക്ടർ.വി.ദേവ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റെത്തിയാണ് തീ കെടുത്തിയത്. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തീ കെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ബുള്ളറ്റ് ഒതുക്കിയത്. പക്ഷെ പെട്ടെന്ന് തീ പടരുകയായിരുന്നു. ഓടി മാറുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അവിടെ നിന്നിരുന്നെങ്കിൽ താനും അഗ്നിക്കിരയായേനെ, നിമിഷം നേരം കൊണ്ടാണ് മറ്റ് വാഹനങ്ങളിലേക്ക് തീ പടർന്നത്.

അൻവ‌ർഷാ (ബുള്ളറ്രിന്റെ ഉടമസ്ഥൻ)

പള്ളിയിൽ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ പൊട്ടിത്തെറി ശബ്ദം കേട്ടാണ് പുറത്തേക്ക് ഓടിയെത്തിയത്. അപ്പോൾ തന്റെ സ്കൂട്ടറും കാറും കത്തുന്നതാണ് കണ്ടത്. തീയും പുകയും കാരണം അടുക്കാൻ കഴിഞ്ഞില്ല. സ്കൂട്ടർ പൂർണമായും കത്തി നശിച്ചു.

അൻസർ, ആക്ടീവ സ്കൂട്ടർ ഉടമ

അര മണിക്കൂർ സ്ഫോടനാന്തരീക്ഷം

ഭീകരമായ ശബ്ദവും അഗ്നിഗോളങ്ങളും കറുത്ത പുകച്ചുരുകളും കണ്ട് കോയിക്കൽ ജംഗ്ഷനിലുണ്ടായിരുന്നവർ ഞെട്ടിത്തരിച്ചു. സ്ഫോടനം ഉണ്ടായെന്നാണ് ആദ്യം പലരും കരുതിയത്. അതുകൊണ്ട് തന്നെ സ്ഥലത്തേക്കെത്താൻ ആദ്യം പലരുമൊന്ന് മടിച്ചു. കൂടുതൽ വാഹനങ്ങൾ അഗ്നിക്കിരയാകുമെന്ന അവസ്ഥ ഉണ്ടായപ്പോഴാണ് പലരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപ്പോഴേക്കും പ്രദേശമാകെ കറുത്ത പുകച്ചുരുകൾ നിറഞ്ഞു. സമീപത്തുണ്ടായിരുന്നവർ കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് മറ്റുള്ളവർക്ക് ആശ്വാസമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.