ചവറ : മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത യുവാവ് ചവറ പൊലീസിന്റെ പിടിയിലായി. കൊല്ലം, പുള്ളിക്കട കോളനി, വിനീതാ ഭവനിൽ വിനീത് (32) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ചവറ കൊട്ടുകാടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 80000 രൂപ കൈപ്പറ്റിയിരുന്നു. സംശയം തോന്നിയ സ്ഥാപന ഉടമ നടത്തിയ സൂഷ്മ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ചവറ പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ കിളികൊല്ലൂർ കല്ലുംതാഴം എള്ളുവിള വീട്ടിൽ സുഗന്ധി എന്ന യുവതിയെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. യുവതിയിൽ നിന്ന് തട്ടിപ്പിന് കൂട്ട് നിന്ന ഇവരുടെ സുഹൃത്തായ വിനീതിനെ തിരിച്ചറിയുകയും ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ ചവറ പൊലീസ് പിടികൂടുകയുമായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ യു.പി.വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എ.നൗഫൽ , എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ രതീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |