കൊല്ലം: കൊല്ലം തീരത്ത് നടക്കുന്ന ഇന്ധന പര്യവേക്ഷണത്തിന്റെ തീരസേവനം കൊച്ചി പോർട്ടിന് പോയാൽ പര്യവേക്ഷണത്തിന് നേതൃത്വം നൽകുന്ന ഓയിൽ ഇന്ത്യയ്ക്കും വൻതുക നഷ്ടമുണ്ടാകും. വിവിധ സേവനങ്ങൾക്കും ഉപകരണങ്ങളുടെ വാടകയിനത്തിലും കൊല്ലം പോർട്ടിലേതിനെക്കാൾ കൂടുതൽ തുക കൊച്ചി പോർട്ടിന് നൽകേണ്ടി വരും.
കൊല്ലം പോർട്ടിനും കരുനാഗപ്പള്ളിക്കും ഇടയിലുള്ള പ്രദേശത്താണ് ഇന്ധന പര്യവേക്ഷണം നടക്കുന്നത്. ഈ പ്രദേശത്തേക്ക് കൊല്ലം പോർട്ടിൽ നിന്നും ഏകദേശം 48 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. എന്നാൽ കൊച്ചി പോർട്ടിൽ നിന്ന് നൂറ് കിലോമീറ്ററിലധികം ദൂരമുണ്ട്. അതുകൊണ്ട് പര്യവേക്ഷണ സാമഗ്രികൾ എത്തിക്കുന്ന യാനങ്ങൾക്ക് കൂടുതൽ ദൂരം സ്ഥിരമായി സഞ്ചരിക്കേണ്ടി വരുമ്പോൾ ഇന്ധന ചെലവ് ഉയരും. പര്യവേക്ഷണം ഏകദേശം ഒരു വർഷത്തോളം നീണ്ടുനിൽക്കാനാണ് സാദ്ധ്യത.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഈമാസം കൊല്ലം പോർട്ട് സന്ദർശിച്ചേക്കും. ആഭ്യന്തര സെക്രട്ടറിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം, കണ്ണൂർ, വിഴിഞ്ഞം പോർട്ടുകളിൽ സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാടകയും ഫീസിലും കൈപൊള്ളും
യാർഡിനും ഗോഡൗണിനും കൂടുതൽ വാടക
ഉപകരണങ്ങൾക്കും വാടക കൂടുതൽ
വിവിധ ഫീസുകളും കൊല്ലത്തേക്കാൾ കൂടുതൽ
സമയനഷ്ടം ബുദ്ധിമുട്ടിക്കും
പദ്ധതി നീളാനും സാദ്ധ്യത
പിന്നിൽ സഹോദര സ്നേഹം?
ഓയിൽ ഇന്ത്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. കൊച്ചിൻ പോർട്ട് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്. ഇന്ധനപര്യവേക്ഷണത്തിന്റെ ഭാഗമായുള്ള വരുമാനം കൊച്ചിൻ പോർട്ടിന് ലഭിക്കാനാണ് ചെലവ് വളരെ കൂടുതലായിട്ടും തീരസേവനം കൊച്ചിൻ പോർട്ടിന് നൽകാൻ ഓയിൽ ഇന്ത്യ ശ്രമിക്കുന്നതെന്നാണ് സൂചന. വൻതുക വെറുതെ നഷ്ടമാക്കുന്നത് ചൂണ്ടിക്കാട്ടി ഓയിൽ ഇന്ത്യയുമായി ജനപ്രതിനിധികൾ ചർച്ച നടത്തിയാലേ തീരസേവനം കൊല്ലം പോർട്ടിന് ലഭിക്കൂ.
തീരസേവനത്തിന് ആവശ്യമായ എന്ത് സൗകര്യവും കൊല്ലം പോർട്ടിൽ ഒരുക്കി നൽകാൻ കേരള മാരിടൈം ബോർഡ് തയ്യാറാണ്. ടെണ്ടറിൽ പങ്കെടുക്കുന്ന ഏജൻസികൾ കൊല്ലം പോർട്ട് സന്ദർശിച്ചിരുന്നു. ഇവരുമായി നടത്തിയ ആശയവിനിമയത്തിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊച്ചിയിലേക്ക് കൊണ്ടുപോകാൻ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണമറിയില്ല.
എൻ.എസ്.പിള്ള, ചെയർമാൻ
കേരള മാരിടൈം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |