കൊല്ലം: ജില്ലയിൽ നിന്ന് വിട്ടൊഴിയാതെ മലമ്പനി രോഗബാധ. ഈ വർഷം ഇതുവരെ എട്ടുപേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തി താമസിക്കുന്നവർക്കാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
തൊടിയൂർ, മൈനാഗപ്പള്ളി, കിളികൊല്ലൂർ, ഇടമുളയ്ക്കൽ, വള്ളിക്കുന്ന്, ആദിച്ചനല്ലൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം 51 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സമയത്ത് ചികിത്സ തേടാതിരിക്കുകയും അനോഫെലിസ് കൊതുകുകളിലൂടെ രോഗം പകരുന്നതുമാണ് രോഗം വിട്ടുമാറാത്തതിന് കാരണം. അനോഫെലിസ് വിഭാഗത്തിലെ പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. അനോഫെലിസ് വരുണ, അനോഫെലിസ് സ്റ്റീഫൻസി തുടങ്ങിയ വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ജില്ലയിൽ കൂടുതലായി കാണുന്നത്.
സർക്കാർ ആശുപത്രികളിൽ മലമ്പനിക്ക് സമ്പൂർണ ചികിത്സയും പരിശോധനകളും തികച്ചും സൗജന്യമാണ്. ചികിത്സയിലൂടെ രക്തത്തിലെ പാരസൈറ്റുകൾ നശിക്കുമെങ്കിലും ചില പാരസൈറ്റുകൾ കരളിൽ സുക്ഷുപ്താവസ്ഥയിൽ കണ്ടേക്കാം. ഇത് പരിശോധനയിലൂടെ കണ്ടെത്തി വീണ്ടും രോഗബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും.
അന്യസംസ്ഥാന ക്യാമ്പുകൾ
രോഗവാഹക കേന്ദ്രങ്ങൾ
അന്യസംസ്ഥാന തൊഴിലാളികൾ രോഗവാഹകർ
രാത്രിസമയത്താണ് രോഗസംക്രമണം
രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം
കൊതുകിന്റെ ഉമിനീർ ഗ്രന്ഥികൾ വഴി രോഗാണുക്കൾ കടക്കും
കരളിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങൾ പ്രകടമാക്കും
ലക്ഷണം
തലവേദനയും പേശി വേദനയും
ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ, മൂന്നുദിവസം കൂടുമ്പോഴോ
മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം
പനി, ശക്തമായ തലവേദന
രോഗ ബാധിതർ (2025)
ജനുവരി: 3
ഫെബ്രുവരി: 2
മാർച്ച്: 1
ഏപ്രിൽ (24 വരെ): 2
രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് 3, 14, 28 ദിവസങ്ങളിൽ രക്തപരിശോധന നടത്തി പ്ലാസ്മോഡിയത്തിന്റെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. രോഗലക്ഷണം കണ്ടാൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രികളിലെത്തണം.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |