കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ നടത്തുന്ന സ്ഥിരം അദാലത്തിന് മാർഗരേഖയായി. പതിനൊന്ന് പരിഗണനാ വിഷയങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കൃത്യസമയത്ത് ലഭിക്കാതിരിക്കുക, ക്രമക്കേട് കാട്ടുക, നിഷേധിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാകും അദാലത്തിൽ പരിഗണിക്കുക.
ലഭിക്കുന്ന പരാതികളിൽ സാങ്കേതികമായി തീരുമാനമെടുക്കുന്നതിനപ്പുറം പ്രശ്നം പൂർണമായും പരിഹരിക്കുന്ന തരത്തിലാകും അദാലത്തിലെ ഇടപെടൽ. ആദാലത്ത് സമിതി ചെയർമാനും കൺവീനർക്കും പരാതി ലഭിക്കാതെയും തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധന നടത്താനുള്ള അധികാരമുണ്ട്. അദാലത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാനും അധികാരമുണ്ട്. ഏതെങ്കിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഓഫീസാകും താലൂക്കുതല അദാലത്തിന്റെ സ്ഥിരം കേന്ദ്രം. ഈ താലൂക്ക് ഓഫീൽ നേരിട്ടോ സിറ്റിൺ അദാലത്ത് പോർട്ടലിൽ ഓൺലൈനായോ പരാതി നൽകാം. കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല അദാലത്തിൽ പരിഗണിക്കും. ലഭിക്കുന്ന പരാതികൾ തൊട്ടടുത്ത അദാലത്തിൽ തന്നെ പരിഗണിക്കും.
പരാതികളുമായി ബന്ധപ്പെട്ട് അദാലത്ത് സമിതികൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധന നടത്താം. റിപ്പോർട്ട് ആവശ്യപ്പെടുന്നതിന് പകരം ഫയൽ വരുത്തിയാകും സമിതി പരിശോധിക്കുക. മാദ്ധ്യമങ്ങൾ, ഫോൺ, നവമാദ്ധ്യമങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന പ്രശ്നങ്ങളും ചെയർമാനോ കൺവീനർക്കോ അദാലത്തിൽ അവതരിപ്പിക്കാം. പരാതിക്കാരന് ഓൺലൈനായി അദാലത്തിൽ ഹാജരാകാം. പരാതി പരിഗണിക്കുന്ന കാര്യം അഞ്ച് ദിവസം മുമ്പേ പരാതിക്കാരനെ അറിയിക്കും. ജില്ലാതല അദാലത്ത് സമിതികൾ താലൂക്ക് അദാലത്തിന്റെയും സംസ്ഥാനതല അദാലത്ത് സമിതി ജില്ലാതല അദാലത്തിന്റെയും പ്രവർത്തനം നിരീക്ഷിക്കും.
ആദാലത്തുകളുടെ ഇടവേള
താലൂക്കുതല അദാലത്ത് -10 ദിവസം
ജില്ലാതലം-15 ദിവസം
സംസ്ഥാനതലം- 30 ദിവസം
പരിഗണിക്കുന്ന വിഷയങ്ങൾ
ബിൽഡിംഗ് പെർമിറ്റ്
ബിൽഡിംഗ് കംപ്ലീഷൻ
ക്രമവത്കരണം
വിവിധ ലൈസൻസുകൾ
സിവിൽ രജിസ്ട്രേഷൻ
വിവിധ നികുതികൾ
ഗുണഭോക്തൃ തർക്കം
ക്ഷേമ പെൻഷൻ
മാലിന്യ സംസ്കരണം
പൊതു സൗകര്യങ്ങൾ
ജില്ലയിലെ താലൂക്ക് അദാലത്ത് കേന്ദ്രങ്ങൾ
ചവറ ചടയമംഗലം മുഖത്തല പത്തനാപുരം ശാസ്താംകോട്ട അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |