കൊല്ലം: പുതിയ മാർക്കറ്റ് പണിയാനായി കൊല്ലൂർവിള പള്ളിമുക്ക് മാർക്കറ്റ് പൊളിച്ചു നീക്കി നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും കച്ചവടക്കാർക്ക് താത്കാലിക ഷെഡ് സജ്ജമാക്കാത്തത് തലവേദനയായി. കച്ചവടക്കാരും മത്സ്യം വാങ്ങാനെത്തുന്നവരും ദുരിതത്തിലായി ട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ തയ്യാറാവുന്നില്ല.
പൊരി വെയിലത്തിരുന്നാണ് നിലവിൽ കച്ചവടം. പുതിയ മാർക്കറ്റിന്റെ കെട്ടിട നിർമ്മാണ ജോലികൾ പൂർത്തിയാകും വരെ മത്സ്യ കച്ചവടക്കാർക്ക് മറ്റെവിടെയെങ്കിലും സംവിധാനം ഒരുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെയും നടപ്പാക്കിയില്ല. കോർപ്പറേഷൻ പരിധിയിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ഇവിടെ ദിവസവും നൂറു കണക്കിനാളുകളാണ് മീൻ വാങ്ങാൻ എത്തുന്നത്.
ഗതാഗതക്കുരുക്ക്
കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയെങ്കിലും കച്ചവടക്കാർ മാർക്കറ്റിന്റെ ഒരുഭാഗത്ത് തടസമില്ലാത്ത വിധം കച്ചവടം നടത്തിയിരുന്നു. എന്നാൽ അടുത്തിടെ റോഡിനോട് ചേർന്ന് ഉയരത്തിൽ കെട്ടിമറച്ചതോടെ കച്ചവടത്തിന് ഇടമില്ലാതായി. ഇതോടെ റോഡിന്റെ ഒരുവശത്തേക്ക് മത്സ്യക്കച്ചവടം മാറ്റി. എതിർവശത്ത് വില്ലേജ് ഓഫീസിന് സമീപം തട്ടുകടകളും മറ്റും സജീവമായതോടെ റോഡ് ഇടുങ്ങി. കൂടാതെ മത്സ്യവും പച്ചക്കറികളും വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ കൂടി റോഡരികിൽ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ചന്തയുള്ള സമയം ഇതുവഴിയുള്ള കാൽനട പോലും ബുദ്ധിമുട്ടിലാണ്. സമീപത്തെ ഗവ. ആയുർവേദ ആശുപത്രിയിലേക്കും വില്ലേജ് ഓഫീസിലേക്കും എത്താനും ബുദ്ധിമുട്ടാണ്. അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാടിന്റെ ആവശ്യം.
പഴയ മാർക്കറ്റിനോട് ചേർന്ന് താത്കാലിക ഷെഡ് ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സമയബന്ധിതമായി ഇതിന്റെ നിർമ്മാണം പൂർത്തിയാക്കും
നസീമ ഷിഹാബ് , കൗൺസിലർ, മണക്കാട് ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |