കൊല്ലം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് തുടക്കമായി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി 952 സ്കൂളുകളുടെ ഫിറ്റ്സന് പരിശോധനയാണ് നടക്കുന്നത്.
അവധിക്കാലത്താണ് സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക. പരിശോധനകൾ എത്രയും വേഗത്തിൽ പൂർത്തിയായാൽ മാത്രമേ ആവശ്യമുള്ള മാറ്റങ്ങൾ വരുത്താൻ സ്കൂൾ അധികൃതർക്ക് സമയം കിട്ടൂ. ഓരോ സ്‌കൂളുകളിലും അതത് തദ്ദേശ സ്ഥാപനത്തിലെ എൻജിനിയറിംഗ് വിഭാഗമാണ് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നേരിട്ടെത്തി പരിശോധന നടത്തുന്നത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാതൊരു കാരണവശാലും സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.
പഞ്ചായത്ത് പരിധിയിൽ അസി. എൻജിനിയർക്കും നഗരപരിധിയിൽ നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിനുമാണ് പരിശോധന ചുമതല.
എയ്ഡഡ് സ്‌കൂളുകൾ മാനേജർമാരും സർക്കാർ എൽ.പി, യു.പി സ്‌കൂളുകൾ ഗ്രാമപഞ്ചായത്തുകളും ഹൈസ്‌കൂളുകൾ ജില്ലാ പഞ്ചായത്തുമാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്.
സർട്ടിഫിക്കറ്റ് ഇല്ലേൽ അടയും
പ്രവർത്തനാനുമതിക്ക് അടിത്തറ മുതൽ മേൽക്കൂരവരെ ഫിറ്റാണെന്ന് ബോദ്ധ്യപ്പെടണം
ഓരോ അദ്ധ്യയനവർഷവും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് കെ.ഇ.ആർ ചട്ടം
ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കിണറുകളിലെ സുരക്ഷാഭിത്തി, മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ, ടോയ്‌ലെറ്റ് ഉൾപ്പടെ പരിശോധിക്കും
അടിത്തറ, മേൽക്കൂര, കതക്, ജന്നൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്ടി എന്നിവ ഉറപ്പാക്കും
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ സ്കൂൾ മാനേജർ, പ്രഥമാദ്ധ്യാപകർ കുറ്റക്കാർ
ജില്ലയിൽ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
കെ.ഐ.ലാൽ, ഡി.ഡി.ഇ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |