അഞ്ചൽ: കാട്ടുപന്നിയെ വേട്ടയാടി കാറിൽ കടത്തുകയായിരുന്ന അഭിഭാഷകൻ വനപാലകരുടെ പിടിയിലായി. പുനലൂർ കോടതിയിലെ അഭിഭാഷകനായ ഭാരതീപുരം അജീഷ് ഭവനിൽ അജിലാലാണ് (42) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചൽ റേഞ്ചിലെ ഏഴംകുളം സ്റ്റേഷനിലെ വനപാലകർ രാത്രികാല പട്രോളിംഗിന്റെ ഭാഗമായി ഭാരതീപുരം ഓയിൽപാം എസ്റ്റേറ്റിൽ ഉൾപ്പെട്ട എണ്ണപ്പന തോട്ടത്തിന് സമീപമുള്ള വനപാതയിൽ വാഹനപരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിൽ അമിത വേഗതയിൽ വന്ന അജിലാലിന്റെ കാർ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം നൂറ്റിയൻപതോളം കിലോ തൂക്കം വരുന്ന ഒറ്റയാൻ ഇനത്തിൽപ്പെട്ട കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പന്നിയുടെ തല പൂർണമായും തകർന്ന നിലയിലായിരുന്നു. പന്നി പടക്കം ഉപയോഗിച്ച് വേട്ടയാടിയെന്നാണ് നിഗമനം. ഏഴംകുളം സ്റ്റേഷനിലെ ഡെപ്യുട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, എസ്.എഫ്.ഒ നൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിവ രമണൻ, ലക്ഷ്മി മോഹൻ, റിസർവ് ഫോറസ്റ്റ് ഓഫീസർമാരായ ജെ.സി.അഭയ്, പ്രതീഷ്, വാച്ചർമാരായ വൈശാഖ്, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാർ പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചത്ത കാട്ടുപന്നിയെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മറവ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |