കൊല്ലം: കളിക്കളങ്ങളിൽ മിന്നൽപ്പിണർ പോലെ പാഞ്ഞ്, വല കുലുക്കി ഗാലറികളിൽ ആരവങ്ങളുടെ പെരുമഴ സൃഷ്ടിച്ച അത്ഭുത താരം മറഞ്ഞു, കേരള ഫുട്ബാളിലെ എക്കാലത്തെയും സൂപ്പർ സ്ട്രൈക്കർ നജിമുദ്ദീൻ. അദ്ദേഹത്തിന്റെ മുന്നേറ്റങ്ങളാണ് കേരളത്തിന്റെ ഫുട്ബാൾ ഭൂപടത്തിൽ കൊല്ലത്തിന്റെ പേര് അടയാളപ്പടുത്തിയത്.
അറ്റാക്കിംഗ് ഫുട്ബാളിലൂടെ വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം. അത്രയ്ക്ക് കാണികളെ ഹരം പിടിപ്പിക്കുന്നതായിരുന്നു നജിമുദ്ദീന്റെ കളിശൈലി. ഏറ്റവും ശക്തനായ ഫോർവേഡറും പ്രതിരോധനിരക്കാരുടെ പേടിസ്വപ്‌നവുമായിരുന്നു ഈ മുന്നേറ്റ താരം. ഓഫ്‌സൈഡ് ട്രാപ്പിൽ പെടാതെ എതിരാളികളുടെ പ്രതിരോധപൂട്ട് പൊളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിന് എന്നും ആരാധകരേറെയായിരുന്നു. വിങ്ങുകളിൽ നിന്നുള്ള ക്രോസുകൾ വലയിലെത്തിക്കുന്നതിലും അദ്ദേഹം മികവ് പുലർത്തി. അക്ഷരാർത്ഥത്തിൽ കേരളം സൃഷ്ടിച്ച ക്ലിനിക്കൽ സ്‌ട്രൈക്കർമാരിൽ മുൻപന്തിയിലാണ് ഈ കൊല്ലം സ്വദേശി. 73ൽ കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ ബേബി ഒഫ് ദ ടീം എന്നാണ് നജിമുദ്ദീൻ അറിയപ്പെട്ടിരുന്നത്. കേരളം അന്ന് ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ അതിന്റെ ശില്പികളിലൊരാളായി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയ നജിമുദ്ദീൻ എന്ന 19കാരൻ അന്നും ഇന്നും കായിക പ്രേമികൾക്കിടയിൽ ആഘോഷിക്കപ്പെട്ടു. അതോടെ നജിമുദ്ദീൻ എന്ന സൂപ്പർ സ്‌ട്രൈക്കർ നിറഞ്ഞുനിന്ന വർഷങ്ങളായിരുന്നു പിന്നീട്.
1977ൽ ഇന്ത്യയ്ക്കുവേണ്ടി ദേശീയ കുപ്പായെ അണിഞ്ഞപ്പോഴും ഈ പതിവ് തുടർന്നു. കേരള യൂണിവേഴ്‌സിറ്റി താരമായി ഫുട്‌ബാളിലേക്ക് ചുവടുവച്ച് എട്ടുവർത്തോളം കേരളത്തിനായും 20 വർഷം ട്രാവൻകൂർ ടൈറ്റാനിയത്തിനായും കളത്തിലിറങ്ങിയപ്പോഴൊക്കെയും തന്റെ ആരാധകരെ അദ്ദേഹം നിരാശരാക്കിയിട്ടില്ല. ഈ അതുല്യ പ്രതിഭ വിടപറയുമ്പോൾ കേരള ഫുട്ബാൾ ചരിത്രത്തിലെ മിന്നും താരത്തെയാണ് കായിക ലോകത്തിന് നഷ്ടമാകുന്നത്.
ജില്ലാ സ്പോർട്സ് കൗൺസിൽ അനുശോചിച്ചു
നജിമുദ്ദീന്റെ വിയോഗം കായികരംഗത്തിന് വലിയ നഷ്ടമാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |