ക്ലാപ്പന: ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്കായി പടനിലം ഒരുങ്ങി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്ന് ഒരു മാസത്തോളമായി വ്രതശുദ്ധിയേടെയുള്ള പരിശിലനത്തിന് ശേഷം തങ്ങളുടെ ആയോധന പാടവം പ്രകടിപ്പിക്കാൻ ഓച്ചിറ പടനിലത്ത് ഏറ്റുമുട്ടുന്ന ഓച്ചിറക്കളി ഇന്നും നാളെയുമായി നടക്കും. ഈ വർഷത്തെ ഓച്ചിറക്കളിക്കുള്ള ഒരുക്കങ്ങൾ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളെ കൂട്ടിച്ചേർത്ത് പൂർത്തിയാക്കി.
ഓച്ചിറക്കളിയുടെ ഒന്നാം ദിവസമായ ഇന്ന് രാവിലെ 8ന് പതാക ഉയർത്തും. 11ന് അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് കരകളിൽ നിന്ന് വരുന്ന കളരി ഗുരുക്കന്മാരുടെയും ക്ഷേത്ര ഭാരവാഹികളുടെയും നേതൃത്വത്തിൽ അയ്യായിരത്തിൽപ്പരം അഭ്യാസികൾ ഋഷഭ വാഹനത്തിലുള്ള ഭഗവാന്റെ എഴുന്നെള്ളത്തിന് അകമ്പടി സേവിക്കും. എഴുന്നെള്ളത്ത് കിഴക്കും പടിഞ്ഞാറും ആൽത്തറകൾ ചുറ്റി മഹാലക്ഷ്മി കാവും ഗണപതി ആൽത്തറയും കടന്ന് എട്ടുകണ്ടത്തിന്റെ നടുവിലെത്തും. തുടർന്ന് 'കരക്കളി' ആരംഭിക്കും.
രണ്ടാം ദിവസമായ നാളയും ഘോഷയാത്രയ്ക്ക് ശേഷം ഓച്ചിറക്കളി ആരംഭിക്കും. രണ്ട് ദിവസവും 3500 പേർക്ക് വീതം ഗംഭീരമായ കളിസദ്യ രണ്ട് സദ്യാലയങ്ങളിലും ഒരുക്കിയിട്ടുണ്ട്. ജൂൺ 17, 18, 19 തീയതികളിൽ കാർഷിക പ്രദർശനവും കന്നുകാലിച്ചന്തയും ഉണ്ടാകും.
റവന്യു, പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പുകളുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ ഓച്ചിറക്കളി നടത്തിപ്പിനുള്ള പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പടനിലത്ത് സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ച് ലൈവ് സംപ്രേക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |