എഴുകോൺ: മഴ പെയ്താൽ മരം വീഴുന്നത് എഴുകോൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതിവ് കാഴ്ചയാണ്. സ്റ്റേഷൻ പരിസരത്തെ വൻമരങ്ങളും പാഴ് മരങ്ങളുമാണ് ഒരേപോലെ ദേശീയപാതയിലേക്കും വൈദ്യുതി ലൈനുകളിലേക്കും കടപുഴകുന്നത്.
അപകടമുണ്ടാകുമ്പോൾ മണിക്കൂറുകളോളമാണ് വൈദ്യുതിയും ഗതാഗതവും തടസപ്പെടുന്നത്. ദിവസങ്ങൾക്കുള്ളിൽ മൂന്നാമത്തെ മരമാണ് ഇന്നലെ രാവിലെ വീണത്. ഇതിന്റെ പരിസരത്തുള്ള മറ്റ് രണ്ട് മരങ്ങളാണ് നേരത്തെ വീണത്. മൂന്ന് തവണയും ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തങ്ങിനിന്നതിനാലാണ് വലിയ അപകടങ്ങൾ ഒഴിവായത്.
ലൈൻ പൊട്ടിയാൽ വാഹനങ്ങൾക്കും എതിർ വശത്തെ വീടുകൾക്കും നാശനഷ്ടം ഉണ്ടാകുമായിരുന്നു. തുടർച്ചയായ മഴയിൽ ഉറപ്പില്ലാത്ത മണ്ണ് നനഞ്ഞ് കുതിരുന്നതോടെ ചെറിയ കാറ്റിൽ പോലും മരങ്ങൾ കടപുഴകുന്ന നിലയാണ്. വലിയ തായ് വേരുകളില്ലാത്ത ഒറ്റത്തടി മരങ്ങളും കാലപ്പഴക്കമുള്ള വൻ പാഴ്മരങ്ങളും ഇവിടെയുണ്ട്. കല്ലുംപുറം മുതൽ നെടുമ്പായിക്കുളം വരെ വൈദ്യുതി ലൈനിലേക്കും റെയിൽവേ ട്രാക്കിലേക്കും വീഴാൻ സാദ്ധ്യതയുള്ള മരങ്ങൾ മാസങ്ങൾക്ക് മുമ്പ് റെയിൽവേ മുറിച്ചിരുന്നു.
കെ.എസ്.ഇ.ബി അധികൃതർ നിരന്തരം കത്ത് നൽകുകയും ജില്ലാ ദുരന്ത നിവാരണ അധികൃതർ ഇടപെടുകയും ചെയ്തതോടെയായിരുന്നു ഇത്. അപ്പോഴും റെയിൽവേ സ്റ്റേഷനോട് ചേർന്ന ഭൂമിയിലെ മരങ്ങൾ നീക്കിയിരുന്നില്ല. ദേശീയപാതയിലേക്ക് വീഴാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള മരങ്ങളാണ് ഇവിടെയുള്ളത്.
ചാഞ്ഞും ചെരിഞ്ഞും ഇനിയുമേറെ
സ്റ്റേഷനിലേക്ക് വാഹനങ്ങൾ കയറിപ്പോകുന്ന കവാടത്തിന്റെ ഭാഗത്ത് ഒരു വലിയ മരം കടപുഴകി മറ്റ് മരങ്ങളിൽ തങ്ങി നിൽക്കാൻ തുടങ്ങിയിട്ട് നാളുകളായി. താങ്ങായി നിൽക്കുന്ന ശിഖരങ്ങൾ ഒടിഞ്ഞാൽ റോഡിലേക്ക് വീഴുന്ന നിലയിലാണുള്ളത്.
സ്റ്റേഷന് മുൻവശത്തായി കാൽനടക്കാർക്കുള്ള കവാടത്തോട് ചേർന്നുനിൽക്കുന്ന കുറ്റൻ മരമാണ് ഏറ്റവും കൂടുതൽ അപകട ഭീഷണി ഉയർത്തുന്നത്. അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടികയിൽ റെയിൽവേ തന്നെ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ് ഈ മരം. നിരവധി തവണ ഈ മരത്തിന്റെ വലിയ ശിഖരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണിട്ടുണ്ട്.
ദേശീയപാതയിലെ റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പും അപകടം നടന്ന സ്ഥലത്താണ്. യാത്രക്കാർ ജീവൻ കൈയിൽ പിടിച്ചാണ് ഇവിടെ നിൽക്കുന്നത്. മരം വീണാൽ എതിർ വശത്തെ ബഹുനില മന്ദിരത്തിനും ചായക്കടയ്ക്കും നാശം സംഭവിക്കും. മരങ്ങൾ മുറിച്ചുനീക്കണം.
പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |