കൊല്ലം: പൈപ്പിടലും കേബിൾ മാറ്റവും തകൃതിയായ ശക്തികുളങ്ങര മേഖലയിലെ കാലായി ജംഗ‌്ഷൻ - വിളയിൽമുക്ക് റൂട്ടിൽ മഴയിൽ ഗതാഗതം കൂടുതൽ ദുഷ്‌കരമായി. മദ്ധ്യഭാഗത്ത് വൈദ്യുതി കേബിളും റോഡിന്റെ ഇരുവശത്തായി പ്രത്യേക പദ്ധതികൾക്കായുള്ള പൈപ്പിടലും ഒപ്‌ടിക്കൽ ഫൈബർ കേബിളുകളും വലിക്കാൻ കുഴിയെടുത്തതാണ് നാട്ടുകാർക്ക് ദുരിതമായത്.
ശക്തികുളങ്ങര, കാവനാട്, ആലാട്ടുകാവ് ഡിവിഷനുകളിലെ റോഡുകളാണ് തകർന്ന് തരിപ്പണമായത്. മഴക്കാലമായതോടെ ദുരിതം ഇരട്ടിയായി. വാഹനങ്ങൾ കടന്നുപോയി കുഴികളിലെ ചെളി മഴവെള്ളത്തിൽ കലർന്ന് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. സ്കൂൾ കുട്ടികളും സ്ഥിരം യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിലും പെരുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്നുപോകമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചുവീഴുന്നതും ഇതേത്തുടർന്നുള്ള വാക്കേറ്റവും നിത്യസംഭവമാണ്.
കെ.എസ്.ഇ.ബി 110 കെ.വിയുടെ ഭൂഗർഭ കേബിളുകൾ ഒരു മീറ്റർ ആഴത്തിലിടാൻ എസ്‌റ്റിമേറ്റെടുത്ത് തുക കോർപ്പറേഷനിൽ അടച്ചിട്ടും റോഡ് പൂർവസ്ഥിതിയിലാക്കാൻ വൈകുന്നതിനെതിരെ ജനരോഷം ശക്തമാണ്. വൈദ്യുതി പ്രതിസന്ധി തുടർക്കഥയായ മേഖലയ്‌ക്ക് കൊല്ലത്ത് നിന്നുള്ള സപ്ലൈ കൊണ്ട് മാത്രം പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചവറ 110 കെ.വി ലൈനുമായി ബന്ധിപ്പിക്കാനുള്ള പ്രവൃത്തികൾ നടക്കുന്നത്.
വ്യക്തമായ ആസൂത്രണമില്ലാതെയാണ് പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ മഴക്കാലമെത്തും മുമ്പ് തീർക്കാനായില്ല. പണികൾ തീർന്നില്ലെങ്കിലും അത്യാവശ്യം യാത്ര ചെയ്യാനുള്ള സൗകര്യമെങ്കിലും ഏർപ്പെടുത്തണമായിരുന്നു.
പ്രമോദ് വിജയകുമാർ
പൊതുപ്രവർത്തകൻ
റോഡ് തീരെ സഞ്ചാരയോഗ്യമല്ല. ഇരുചക്ര വാഹന യാത്ര പോയിട്ട് കാൽനട പോലും അസാദ്ധ്യമായി.
എസ്. ഗംഗപ്രസാദ്, പ്രസിഡന്റ്
എസ്.എൻ.ഡി.പി യോഗം ശക്തികുളങ്ങര വടക്ക് 611-ാം നമ്പർ ശാഖ
നാട്ടുകാർ വികസനത്തിന് ഒപ്പമാണ്. ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാക്കണം.
സാബു നടരാജൻ, ലോക്കൽ സെക്രട്ടറി
ആർ.എസ്.പി ശക്തികുളങ്ങര നോർത്ത്
റോഡ് അഗാധ ഗർത്തമായി. ചിലയിടങ്ങളിൽ റോഡ് താഴ്‌ന്ന് ഇരുന്നുപോയ അസ്ഥയിലാണ്. നിരവധി സ്‌കൂൾ വാഹനങ്ങൾ സഞ്ചരിക്കുന്ന റൂട്ടാണ്.
ബി. ഉണ്ണിക്കൃഷ്‌ണപിള്ള
കേരളകൗമുദി മണിയത്തുമുക്ക് ഏജന്റ്
യുദ്ധകാലാടിസ്ഥാനത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. ഫണ്ട് ലാപ്‌സാകാതിരിക്കാൻ കരുതലോടെയാണ് ഇടപെട്ടത്. ടെണ്ടർ നടപടികളുമായി ബന്ധപ്പെട്ട് വിവിധ ക്ലിയറൻസുകൾക്ക് സർക്കാർ തലത്തിൽ ശക്തമായ സമ്മർദ്ദം വേണ്ടിവന്നു. പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. കുടിവെള്ള പൈപ്പിന്റെയും വൈദ്യുതി കേബിളിന്റെയും ജോലികൾ ഒരേ സമയത്ത് തീരുന്നതോടെ റോഡിന്റെ ടാറിംഗ് ഉൾപ്പടെ പൂർത്തിയാക്കി യാത്ര സുഗമമാക്കും.
എം. പുഷ്‌പാംഗദൻ
കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |