അനങ്ങാപ്പാറ നിലപാടിൽ അധികൃതർ
കൊല്ലം: കരാർ സ്പെഷ്യലിസ്റ്റുകൾ സേവനം ഉപേക്ഷിച്ച ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാർഡിയോളജി, ന്യൂറോളജി ചികിത്സ നിലച്ച് ഒരുമാസം പിന്നിട്ടു. ഇ.എസ്.ഐ കോർപ്പറേഷന്റെ മറ്റേതെങ്കിലും ആശുപത്രികളിൽ നിന്ന് ഡോക്ടർമാരെ മാറ്റി നിയമിക്കാനോ കരാറടിസ്ഥാനത്തിൽ പുതിയവരെ നിയമിക്കാനോ ആശുപത്രി അധികൃതർ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ആശുപത്രി അധികൃതരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചിരുന്ന ന്യൂറോളജി, കാർഡിയോളജി ഡോക്ടർമാർ ജോലി ഉപേക്ഷിച്ചത്. നൂറുകണക്കിന് രോഗികൾക്ക് ആശ്രയമായതിനാൽ രണ്ട് സ്പെഷ്യലിസ്റ്റുകളെയും മടക്കിക്കൊണ്ടുവരാൻ ചർച്ച നടത്തണമെന്ന് മറ്റ് ഡോക്ടർമാർ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. രണ്ട് ഒ.പികളും നിലച്ചത് അറിയാതെ കഴിഞ്ഞയാഴ്ച വരെ നിരവധി പേർ എത്തിയിരുന്നു. ഇപ്പോൾ എല്ലാദിവസവും എത്തുന്ന രണ്ടും മൂന്നും പേരെ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് പരിശോധിക്കുന്നത്.
നേരത്തെ സ്വകാര്യ ഏജൻസി കാർഡിയോളജി വിഭാഗം പ്രവർത്തിപ്പിച്ചിരുന്നപ്പോൾ നാല് കാർഡിയോളജഡിസ്റ്റുകൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായുണ്ടായിരുന്ന കാത്ത് ലാബിന്റെ ലൈസൻസ് സ്വകാര്യ ഏജൻസി പുതുക്കാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. അതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച കാർഡിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ഒ.പിയാണ് ഇപ്പോൾ നിലച്ചത്. കൂട്ട സ്ഥലം മാറ്റത്തിൽ നേരത്തെയുണ്ടായിരുന്ന സ്ഥിരം ഡോക്ടർ മറ്റൊരിടത്തേക്ക് പോയതോടെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതായിരുന്നു ഇപ്പോൾ സേവനം അവസാനിപ്പിച്ച ന്യൂറോളജിസ്റ്റ്.
സ്ഥിരം സ്പെഷ്യലിസ്റ്റ് എവിടെ ?
സ്വകാര്യ ഏജൻസിയുമായുള്ള കരാർ റദ്ദാക്കിയതിന് പിന്നാലെ സ്ഥിരം ഡോക്ടറെ നിയമിച്ച് കാർഡിയോളജി വിഭാഗം വിപുലീകരിക്കുമെന്ന് ഇ.എസ്.ഐ കോർപ്പറേഷൻ അധികൃതർ പറഞ്ഞിരുന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.
അനങ്ങാതെ ജനപ്രതിനിധികൾ
കാർഡിയോളജി, ന്യൂറോളജി ഒ.പികൾ നിലച്ച് പാവപ്പെട്ട കശുഅണ്ടി തൊഴിലാളികൾ അടക്കം വലഞ്ഞിട്ടും ജനപ്രതിനിധികൾ കാര്യമായ ഇടപെടൽ നടത്തുന്നില്ല. തൊഴിലാളി സംഘടനകളും അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
കാർഡിയോളജി ഒ.പി
ശരാശരി എത്തുന്നത്-100 പേർ
നിലച്ചിട്ട് - 2 ആഴ്ച
ന്യുറോളജി ഒ.പി
എത്തുന്നത്-50-70 പേർ
നിലച്ചിട്ട് 3 ആഴ്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |