കൊല്ലം: അരി വാങ്ങാൻ മഴയും വെയിലും കൊണ്ട് നടക്കുന്ന ലോട്ടറി തൊഴിലാളികളെ ക്ഷേമനിധി ബോർഡ് അംഗത്വത്തിന്റെ പേരിൽ ചില യൂണിയൻ പ്രവർത്തകർ കൊള്ളയടിക്കുന്നതായി പരാതി. അപേക്ഷാ ഫോറത്തിൽ ക്ഷേമനിധി അംഗത്വത്തിനായി ശുപാർശ ചെയ്തുകൊണ്ട് ഒപ്പിടാൻ 350 മുതൽ 500 രൂപ വരെ നിർബന്ധപൂർവം വാങ്ങുന്നുവെന്നാണ് പരാതി.
അപേക്ഷാ ഫോറത്തിൽ ഇപ്പോൾ യൂണിയൻ നേതാക്കളുടെ ശുപാർശ നിർബന്ധമല്ല. എന്നാൽ തങ്ങൾ ശുപാർശ ചെയ്താലേ അംഗത്വം ലഭിക്കൂവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജില്ലാ ലോട്ടറി ഓഫീസ് പരിസരത്ത് തമ്പടിച്ചിരിക്കുന്ന ചില യൂണിയൻ പ്രവർത്തകർ പിടിച്ചുപറി നടത്തുന്നത്. അദ്യമാസത്തെ ക്ഷേമിനിധി വിഹിതമായി 50 രൂപ, 25 രൂപ വീതം രണ്ട് ബുക്കുകൾക്ക് എന്നിവ സഹിതം ക്ഷേമനിധി അംഗത്വത്തിന് വെറും നൂറ് രൂപ അടച്ചാൽ മതി. ഇതിന് പകരം വേഗത്തിൽ അംഗത്വമെടുത്ത് നൽകാമെന്ന് പറഞ്ഞ് ആയിരം രൂപ വരെ വാങ്ങുന്നതായും പരാതിയുണ്ട്. ഇതിന് പുറമേ ലോട്ടറി ജീവനക്കാർക്ക് ലോട്ടറി വകുപ്പ് നൽകുന്ന 4000 രൂപ വാർഷിക ബോണസിൽ നിന്ന് 1000 രൂപ വീതം പിടിച്ചുവാങ്ങുന്നതായും പരാതിയുണ്ട്.
വ്യാജമായും ചേർക്കുന്നു
ലോട്ടറി തൊഴിലാളികൾ അല്ലാത്തവരെയും വ്യാജമായി ക്ഷേമനിധിയിൽ ചേർക്കുന്നതായി പരാതിയുണ്ട്. തുടർച്ചയായി മൂന്നുമാസം 25000 രൂപയുടെയെങ്കിലും ലോട്ടറി വാങ്ങിയ ബിൽ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഏജൻസികളിൽ നിന്ന് വ്യാജ ബിൽ വാങ്ങി ചില യൂണിയനുകൾ ഇഷ്ടക്കാർക്ക് ക്ഷേമനിധി അംഗത്വം വാങ്ങി നൽകുന്നുവെന്നാണ് പരാതി.
ക്ഷേമനിധി അംഗത്വത്തിനായി ശുപാർശ ചെയ്യുന്നതിന്റെ പേരിൽ ലോട്ടറി തൊഴിലാളികളെ ചിലർ കൊള്ളയടിക്കുന്നതായി പലതവണ പരാതിപ്പെട്ടിട്ടുണ്ട്.
എസ്.ബിജു, ജില്ലാ സെക്രട്ടറി,
ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സി.ഐ.ടി.യു)
ക്ഷേമനിധി അംഗത്വത്തിനായി ശുപാർശ ചെയ്യാൻ ജില്ലാ ലോട്ടറി ഓഫീസ് പരിസരത്ത് ഐ.എൻ.ടി.യു.സി ആരെയും നിയോഗിച്ചിട്ടില്ല. വില്പനക്കാരെ നേരിൽ കണ്ടാണ് ഐ.എൻ.ടി.യു.സി ക്ഷേമനിധി അംഗങ്ങളാക്കുന്നത്.
ഒ.ബി.രാജേഷ്, ജില്ലാ പ്രസിഡന്റ്,
ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |