കപ്പലണ്ടി കച്ചവടക്കാരിയുടെ ചോദ്യം തുണച്ചു
എഴുകോൺ: മോൻ ഒറ്റയ്ക്കേ ഉള്ളോയെന്ന ട്രെയിനിലെ കപ്പലണ്ടി കച്ചവടക്കാരിയുടെ ചോദ്യം ഒരു കുടുംബത്തിന്റെ കണ്ണീരോടെയുള്ള കാത്തിരിപ്പിന് ആശ്വാസമായി. ശനിയാഴ്ച രാവിലെ മുതൽ കരീപ്ര ഇടയ്ക്കിടത്ത് നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വിഷ്ണുവിനോടായിരുന്നു ആ ചോദ്യം. ചോദ്യം കേട്ട് വിഷ്ണുവിന്റെ പ്രദേശവാസിയായ അശ്വനി ബിനു തിരിഞ്ഞുനോക്കുന്നതും വിഷ്ണുവിനെ തിരിച്ചറിയുന്നതുമായ അത്യന്തം നാടകീയമായ രംഗങ്ങളാണ് ശനിയാഴ്ച രാത്രി 8.30ന് ആലപ്പുഴയിൽ വച്ച് ഷാലിമാർ എക്സ്‌പ്രസിലുണ്ടായത്.
കരീപ്ര ഇടയ്ക്കിടം വിഷ്ണു ഭവനിൽ (പൂമല കിഴക്കതിൽ) ബിജുവിന്റെയും ഷീജയുടെയും മകൻ വിഷ്ണുവിന് വേണ്ടി മണിക്കൂറുകളായി നാടൊന്നാകെ തെരച്ചിലിലായിരുന്നു. കടയ്‌ക്കോടുള്ള ട്യൂട്ടോറിയലിൽ ട്യൂഷന് പോയ വിഷ്ണു മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞും എത്താത്തതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. എഴുകോൺ പൊലീസിലും പരാതി നൽകി.
ഇടയ്ക്കിടം ഗുരുനാഥൻമുകൾ ക്ഷേത്രത്തിന് സമീപത്തും ഈലിയോട് വായനശാലയിലെ സി.സി ടി.വിയിലും വിഷ്ണു നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ അവിടം കഴിഞ്ഞ് യാതൊരു സൂചനയും ലഭിച്ചില്ല. സാമൂഹിക മാദ്ധ്യമങ്ങളിലും വാർത്താ ചാനലുകളിലും വിവരം നൽകിയ നാട്ടുകാർ പ്രദേശത്തെ പാറക്കെട്ടുകളിലും കനാൽ പ്രദേശങ്ങളിലും ബസ് സ്റ്റാൻഡുകളിലും തെരഞ്ഞുവരുന്നതിനിടെയാണ് രാത്രിയിൽ വീട്ടുകാരെ തേടി അശ്വനിയുടെ ആശ്വാസ ഫോണെത്തിയത്. തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു അശ്വനി.
500 രൂപ നോട്ട് വഴിത്തിരിവ്
ഷാലിമാർ എക്സ്‌പ്രസിലുണ്ടായിരുന്ന വിഷ്ണു 500 രൂപ നോട്ട് നൽകി കപ്പലണ്ടി വാങ്ങിയതാണ് വഴിത്തിരിവായത്. കപ്പലണ്ടി കച്ചവടക്കാരിക്ക് തോന്നിയ സംശയത്തിൽ നിന്നാണ് ഒറ്റയ്ക്കാണോയെന്ന ചോദ്യം ഉയർന്നത്. ഇതേ തുടർന്ന് കുട്ടിയെ ശ്രദ്ധിച്ച അശ്വനി വിഷ്ണുവിനെ തിരിച്ചറിയുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന വനിതാ പൊലീസുകാരും ഉടൻ സ്ഥലത്തെത്തി. ആദ്യം വിഷ്ണു ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അശ്വനി വിഷ്ണുവിന്റെ വീട്ടിൽ ബന്ധപ്പെട്ട് പുരികത്തിലെ അടയാളമടക്കം ചോദിച്ചറിഞ്ഞ് സ്ഥിരീകരിച്ചു. ഇതോടെ വിഷ്ണുവിനെ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി എഴുകോൺ പൊലീസിന് വിവരം കൈമാറി. എഴുകോൺ പൊലീസ് വ്യാപകമായി സന്ദേശം കൈമാറിയിരുന്നതും റെയിൽവേ പൊലീസിന്റെ ജാഗ്രതയും വിഷ്ണുവിനെ കണ്ടെത്തുന്നതിൽ തുണച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |