കൊല്ലം: ആവശ്യമുള്ള പച്ചക്കറികൾ തോട്ടത്തിൽ നിന്ന് സ്വന്തമായി പറിച്ചെടുത്ത് വില കൊടുത്ത് വാങ്ങാം. കേൾക്കുമ്പോഴേ മനസിലും ഒരു പച്ചപ്പ്. കൊട്ടാരക്കര കുളക്കട ഏനാത്ത് പാലത്തിനടുത്തുള്ള ധരണി ഫാമിലാണ് ജൈവപച്ചക്കറി ലൈവായി വിൽക്കുന്നത്.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പുത്തൂർ തേവലപ്പുറം സ്വദേശി മനുവാണ് മൂന്നുവർഷം മുമ്പ് ഫാം ആരംഭിച്ചത്. സ്വന്തം പറമ്പിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി എട്ടേക്കറിലാണ് വാഴ, ചേന, കപ്പ, വെള്ളരി, മത്തൻ, മുളക്, ചീര, പയർ, തക്കാളി, വഴുതന, പാവൽ, പടവലം എന്നിവയുടെ കൃഷി. വാങ്ങാനെത്തുന്നവരുടെ സംതൃപ്തിയാണ് ഇവിടെ പ്രധാനം. മനു കൃഷിരംഗത്തേക്ക് എത്തിയിട്ട് 15 വർഷമേ ആയുള്ളുവെങ്കിലും മറ്റ് കർഷകർക്ക് മാതൃകയാണ്. തൈകളും വിതരണം ചെയ്യുന്നുണ്ട്.
ആവശ്യക്കാരേറിയതോടെ പ്രാദേശിക കർഷകരിൽ നിന്നും ജൈവ പച്ചക്കറികൾ ശേഖരിക്കുന്നുണ്ട്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ വിലയ്ക്ക് ആനുപാതികമായി 10 മുതൽ 15 ശതമാനം വരെ മാർജിൻ വിലയിലാണ് കച്ചവടം.
സ്വന്തം ഫാമിലെ കോഴിവളം, ചാമ്പൽ, വേപ്പെണ്ണ മിശ്രിതം, ചാണകം ഇവയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. സമ്മിശ്ര കൃഷി രീതിയാണ് പിന്തുടരുന്നത്. സീസണനുസരിച്ച് സൂര്യകാന്തി, ബന്തി കൃഷിയും ചെയ്യുന്നുണ്ട്.
പുഴുക്കും ചുക്ക് കാപ്പിയും ഹിറ്റ്
വിൽപ്പനയ്ക്കെത്തിക്കുന്ന കാച്ചിൽ, ചേന, കപ്പ പോലെയുള്ളവയുടെ വിറ്റഴിയാത്ത ചെറിയ കഷ്ണങ്ങൾ ഉപയോഗശൂന്യമാകാതിരിക്കാനാണ് പുഴുക്ക് കച്ചവടം തുടങ്ങിയത്. പച്ചക്കറി കടയോട് ചേർന്നാണ് പാചകം. സഹായത്തിന് അഞ്ച് തൊഴിലാളികളുമുണ്ട്. നാട്ടുകാർക്കുപരി അറിഞ്ഞുകേട്ടെത്തുന്ന യാത്രക്കാരാണ് പുഴുക്കിന്റെ ആവശ്യക്കാർ. തുടക്കത്തിൽ പത്ത് കിലോയാണ് പാചകം ചെയ്തിരുന്നത്. ഇപ്പോൾ ദിവസം 150 കിലോയോളം പുഴുക്ക് വിറ്റുപോകുന്നുണ്ട്. കൂടാതെ നാടൻ വിഭവങ്ങളായ തെരളി, കൊഴുക്കട്ട, ഇലയപ്പം, ചുക്ക് കാപ്പി എന്നിവയും ലഭിക്കും.
വില
പുഴുക്ക് 450-500 ഗ്രാം ₹ 50
കൊഴുക്കട്ട ₹10
തെരളി ₹10
ഇലയപ്പം ₹15
ചുക്ക് കാപ്പി ₹15
കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാൾ ഉപരി പാഷൻ എന്ന നിലയിൽ മുന്നോട്ട് കൊണ്ടുപോവുകയാണ്. വിഷരഹിത പച്ചക്കറി വിപണിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.
മനു, ധരണി ഫാം ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |