കൊല്ലം: പ്രണയം ജീവന്റെ ഓരോ പരമാണുവിലും നിറച്ചൊരു കാമുകന്റെ വിയോഗം മലയാളം വീണ്ടുമോർക്കുന്നു. ഒരു വിവാഹ ക്ഷണക്കത്തിൽ ഒളിപ്പിച്ച മരണ സന്ദേശം കൂട്ടിച്ചേർത്ത് മലയാള സാഹിത്യം ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ട് എൺപത്തൊൻപതാണ്ട്.
ഹ്രസ്വ ജീവിതത്താൽ മലയാളത്തിൽ അനശ്വര സാഹിത്യസാന്നിദ്ധ്യമായ ഇടപ്പള്ളി രാഘവൻ പിള്ളയുടെ ദേഹ വിയോഗ വാർഷികം വീണ്ടുമെത്തുമ്പോൾ കൊല്ലം മുളങ്കാടകം ശ്മശാനത്തിലെ സ്മൃതി മണ്ഡപം ആ ഓർമ്മ പുതുക്കുന്നു. കൊല്ലത്ത് താമസിച്ചുവന്ന ബന്ധു വൈക്കം നാരായണ പിള്ളയുടെ വീട്ടിൽ വച്ചാണ് തന്റെ പ്രണയിനിയുടെ വിവാഹ ക്ഷണക്കത്ത് ഇടപ്പള്ളി രാഘവൻ പിള്ളയ്ക്ക് ലഭിക്കുന്നത്. 1936 ജൂലായ് 5ന് (കൊല്ലവർഷം 1111 മിഥുനം-21) രാത്രി ഒരു കയർത്തുമ്പിൽ കവി ജീവിതത്തോട് യാത്ര പറയുമ്പോൾ പ്രായം 27.
ഉള്ളുനിറയെ സ്നേഹിച്ച ആ പെൺകുട്ടിക്ക് നൽകിയ വിവാഹ സമ്മാനമായിരുന്നു ആ മരണം. ജീവിതത്തിന്റെ പ്രതിസന്ധികളെപ്പറ്റി സാഹിത്യത്തിന്റെ ചുവടുതെറ്റാതെ അദ്ദേഹം എഴുതിവച്ച വരികളിപ്പോഴും സംസാരിക്കുന്നവയാണ്. എൺപതിൽപ്പരം കവിതകൾ, രണ്ട് ചെറുകഥകൾ, രണ്ട് പ്രബന്ധങ്ങൾ എന്നിവയാണ് ഇടപ്പള്ളിയുടെ തൂലികത്തുമ്പിൽ വിരിഞ്ഞത്. പ്രകാശിതമാകാത്തവ അതിലുമേറെ. ജീവിതം ഹ്രസ്വമായിരുന്നെങ്കിലും വൃത്താലങ്കാരങ്ങൾ തെറ്റാതെ അദ്ദേഹം കുറിച്ചിട്ടതൊക്കെ മലയാള സാഹിത്യത്തിന് സുപരിചിതമാണ്.
പ്രണയ നൈരാശ്യത്താൽ ജീവനൊടുക്കുമ്പോഴും അവസാന കത്തിൽ പ്രണയ പരാജയത്തെപ്പറ്റി പരാമർശിച്ചതുമില്ല. കുട്ടിക്കാലത്ത് അമ്മയുടെ മരണം, അച്ഛന്റെ ജയിൽവാസം, രണ്ടാനമ്മയുടെ ഉപദ്രവം, ദാരിദ്ര്യം, പ്രേമ പരാജയം എന്നിവയ്ക്ക് പുറമെ കടുത്ത അപകർഷബോധവും ഇടപ്പള്ളി രാഘവൻ പിള്ളയെ അലട്ടിയിരുന്നുവെന്ന് സമകാലീയർ അന്നേ പറഞ്ഞിരുന്നു.
സ്മൃതി ദിനാചരണം
ഇടപ്പള്ളി സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി സ്മൃതി ദിനാചരണം നാളെ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2ന് മുളങ്കാടകത്തെ സ്മൃതി മണ്ഡപത്തിൽ കാവ്യാഞ്ജലി, വൈകിട്ട് 4ന് അനുസ്മരണ സമ്മേളനം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. കൊല്ലം മധു അദ്ധ്യക്ഷനാകും. ഡോ. ആർ.എസ്.രാജീവ് പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |