കൊല്ലം: ആരോഗ്യ മന്ത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത് സംഘർഷത്തിനിടയാക്കി. കോട്ടയത്തുനിന്നുള്ള യാത്രാ മദ്ധ്യേയാണ് മന്ത്രിക്ക് ഏനാത്തിന് സമീപം വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയെന്ന വിവരം അറിഞ്ഞാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ അശുപത്രിയിലേക്ക് ഇരച്ചെത്തിയത്. പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകരെത്തിയതോടെ പൊലീസ് തടഞ്ഞു. അപ്പോഴേക്കും മന്ത്രി കെ.എൻ.ബാലഗോപാലുമെത്തി. മന്ത്രി വീണാ ജോർജിനെ കണ്ട ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയ കെ.എൻ.ബാലഗോപാൽ പ്രതിഷേധക്കാരോട് ലോഹ്യം പറഞ്ഞു. അപ്പോൾ തങ്ങളുടെ പ്രതിഷേധ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. അതൊക്കെ പിന്നെ പറയാമെന്ന് പറഞ്ഞിട്ട് മന്ത്രി മുന്നോട്ട് നടന്നതോടെയാണ് ബി.ജെ.പിയുടെ പ്രതിഷേധം വീണ്ടും ശക്തി പ്രാപിച്ചത്. മറുവശത്ത് ഡി.വൈ.എഫ്.ഐക്കാരും സംഘടിച്ചതോടെ വലിയ സംഘർഷത്തിന് സാദ്ധ്യതയുമൊരുങ്ങി. വാക് പയറ്റിനിടയിൽ ആരോഗ്യ മന്ത്രിയുടെ ആരോഗ്യ സ്ഥിതി നേരിട്ടുമനസിലാക്കാൻ ബി.ജെ.പി നേതാക്കൾ ആശുപത്രിക്കുള്ളിൽ കടന്നു. സ്ഥിതിഗതികൾ ബോദ്ധ്യപ്പെട്ട ശേഷമാണ് ഇവർ പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങിയത്. മന്ത്രി തീർത്തും അവശ നിലയിലാണെന്ന് നേതാക്കൾ നേരിട്ട് ബോദ്ധ്യപ്പെട്ടു. സംഘർഷ സാദ്ധ്യതകൾ ഏറെയുണ്ടായിട്ടും പൊലീസ് സംയമനം പാലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |