കേരളകൗമുദി ചൂണ്ടിക്കാട്ടിയപ്പോൾ നടപടികൾക്ക് വേഗം
കൊല്ലം: രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കാൻ ധാരണ. എം. മുകേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഫണ്ടിംഗ് ഏജൻസിയായ കിഫ്ബി, നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി, കരാർ കമ്പനി എന്നിവർ പങ്കെടുത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം.
പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാനിന്റെ പുതുക്കിയ ഡിസൈൻ അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് പരിഷ്കരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് നിർമ്മാണം നിലച്ചത്. എസ്റ്റിമേറ്റ് പരിഷ്കരിക്കണമെന്ന കരാർ കമ്പനിയുടെ ആവശ്യം പരിഗണിക്കാമെന്ന് ചർച്ചയിൽ കിഫ്ബി അധികൃതർ ഉറപ്പുനൽകിയതോടെയാണ് നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. വിദഗ്ദ്ധ തൊളിലാളികളെ എത്തിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ നിർമ്മാണം പുനരാരംഭിച്ചേക്കും. പാലം നിർമ്മാണം സ്തംഭിച്ചിട്ടും കാര്യമായ ഇടപെടൽ ഉണ്ടാകാത്തത് ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.
പുതിയ ഡിസൈൻ പ്രകാരമുള്ള നിർമ്മാണത്തിന് അഞ്ചുകോടിയുടെ വരെ വർദ്ധനവാണ് കമ്പനി ആവശ്യപ്പെടുന്നത്. മദ്ധ്യഭാഗത്തെ 70 മീറ്റർ നീളത്തിലുള്ള ഒരു സ്പാനും ഇരുവശങ്ങളിലുമായി 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുമാണ് ഇനി നിർമ്മിക്കാനുള്ളത്. മറ്റ് പാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ മൂന്ന് സ്പാനുകൾ പൈലോണുകളിൽ സ്റ്റീൽ റോപ്പ് ഉപയോഗിച്ച് തൂക്കിയാണ് നിറുത്തുന്നത്. ഇതിൽ 70 മീറ്റർ സ്പാനിന്റെ മദ്ധ്യഭാഗത്തെ 9 മീറ്റർ നീളത്തിലുള്ള നിർമ്മാണം മാത്രമാണ് ഇതുവരെ നടന്നത്. ഇതിനിടയിൽ കരാർ കമ്പനി സമർപ്പിച്ച 5.6 കോടിയുടെ ബിൽ കെ.ആർ.എഫ്.ബി മാറി നൽകാഞ്ഞതോടെയാണ് നിർമ്മാണം നിലച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |