പുനലൂർ: കാടിറങ്ങിയ കുരങ്ങിൻ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ കുഞ്ഞൻ കുരങ്ങിന് കരുതലായി വനപാലകർ. തെന്മല ഉറുകുന്ന് നേതാജി റോഡരികിൽ രണ്ടുദിവസം മുമ്പ് നാട്ടുകാരാണ് കുഞ്ഞൻ കുരങ്ങിനെ കണ്ടെത്തിയത്. പിറന്ന് രണ്ടാഴ്ചയിൽ അധികമാകാത്തതിനാൽ ഉപേക്ഷിക്കാനും മനസുവന്നില്ല.
കുരങ്ങ് ശല്യം മൂലം പൊറുതിമുട്ടുന്നവരാണ് നാട്ടുകാരെങ്കിലും അമ്മക്കുരങ്ങിനെ വേർപെട്ട കുഞ്ഞിനെ സംരക്ഷിക്കാൻ ഇവർ വനപാലകരുടെ സഹായം തേടി. തെന്മലയിലെ റാപ്പിഡ് റെസ്പോൺസ് ടീം ഉടൻ സ്ഥലത്തെത്തി കുഞ്ഞ് കുരങ്ങിനെ സുരക്ഷിതമായി പിടികൂടി.
വെറ്ററിനറി കേന്ദ്രത്തിൽ പരിശോധിച്ച് ആരോഗ്യസ്ഥിതി ഉറപ്പാക്കി ആർ.ആർ.ടി ഷെൽട്ടറിലാക്ക് മാറ്റി. മറ്റ് ആഹാരമൊന്നും കഴിക്കാറാകാത്ത കുഞ്ഞ് കുരങ്ങിന് കുപ്പിപ്പാലാണ് നൽകുന്നത്. ആർ.ആർ.ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.രാധാകൃഷ്ണനും സംഘവുമാണ് പരിപാലിക്കുന്നത്. ഇപ്പോൾ വനത്തിൽ വിട്ടാൽ മറ്റ് കുരങ്ങുകളും ജീവികളും ആക്രമിക്കാൻ സാദ്ധ്യതയുള്ളതിനാൽ അൽപ്പം വളർച്ചയും ആരോഗ്യവും എത്തുമ്പോൾ സ്വതന്ത്രനാക്കാനാണ് തീരുമാനം. അതുവരെ കുഞ്ഞിക്കുറുമ്പൻ ആർ.ആർ.ടി ഷെൽട്ടറിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |