കുളത്തൂപ്പുഴ: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ വർക്കല പ്ലാമൂട്ടിൽ വീട്ടിൽ ഇസ്മായിലിനെ (35) ആലുവ പെരുമ്പാവൂരിൽ നിന്ന് കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ ആറ്റിനക്കരെ പെരുവഴിക്കാല കുളമ്പി സ്വദേശിനിയായ ശാലിനിയെയാണ് ഇസ്മായിൽ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇസ്മായിലിനെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഇതിനിടെയാണ് ഇയാൾ ശാലിനിയെ വിവാഹം ചെയ്തത്. ഭർത്താവ് നിരവധി കേസുകളിൽ പ്രതിയാണെന്നറിഞ്ഞതിനെ തുടർന്ന് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിൽ കുത്താൻ ശ്രമിച്ചപ്പോൾ യുവതി തടഞ്ഞതിനാലാണ് കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റത്. ശാലിനി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം റൂറൽ എസ്.പി. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം പുനലൂർ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ എസ്.എച്ച്.ഒ ബി.അനീഷ്, സബ് ഇൻസ്‌പെക്ടർ പ്രമോദ്, സി.പി.ഒമാരായ സുജിത്ത്, സുബിൻ സജി, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |