കൊല്ലം: 1965ലെ തിരഞ്ഞെടുപ്പ്, ചാത്തന്നൂർ മണ്ഡലം രൂപപ്പെട്ട ശേഷമുള്ള കന്നി തിരഞ്ഞെടുപ്പ്. ചാത്തന്നൂർ തങ്കപ്പൻ പിള്ളയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ അദ്ദേഹം കളത്തിലുമിറങ്ങി. കൊല്ലത്ത് ഹെൻട്രി ഓസ്റ്റിനും കുണ്ടറയിൽ ശങ്കരനാരായണ പിള്ളയും ഇരവിപുരത്ത് എ.എ.റഹീമും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളാകുമ്പോൾ ചാത്തന്നൂരിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന ചർച്ചയുണ്ടായി. അതേ തുടർന്ന് മൂന്ന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കി, ചുമതലക്കാരനായ കാമരാജ് നാടാർക്ക് സമർപ്പിച്ചു. ആ പട്ടികയിൽ ഒരാൾ സി.വി.പത്മരാജനായിരുന്നു. കാമരാജിന് നേരിട്ട് അറിയില്ലെങ്കിലും അദ്ദേഹം 'ടിക്' ഇട്ടത് തന്റെ പേരിനുനേർക്കായിരുന്നുവെന്ന് സി.വി.പത്മരാജൻ പിന്നീട് പറഞ്ഞിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞപ്പോഴാണ് കഥ മാറിയത്. മത്സര രംഗത്ത് ചാത്തന്നൂർ തങ്കപ്പൻ പിള്ള സ്വതന്ത്രനായുണ്ട്. സി.വി.പത്മരാജന് പുറമെ ബന്ധുക്കളായ പി.രവീന്ദ്രനും (സി.പി.ഐ), അഡ്വ.ഹരിദാസനും (സി.പി.എം) സ്ഥാനാർത്ഥികളാണ്. തീ പാറുന്ന മത്സരം ഉറപ്പായി. പുതുതായി രൂപംകൊണ്ട കേരള കോൺഗ്രസ് പിന്തുണച്ചതോടെ ചാത്തന്നൂർ തങ്കപ്പൻ പിള്ള വിജയിച്ചു. പിന്നീട് 1982ലാണ് സി.വി.പത്മരാജൻ അതേ ചാത്തന്നൂരിൽ നിന്ന് സി.പി.ഐയിലെ ജെ.ചിത്തരഞ്ജനെ തോൽപ്പിച്ച് നിയമസഭയിലെത്തിയത്. നിയമസഭയിലെ കന്നിക്കാരനാണെങ്കിലും അപ്പോൾ തന്നെ മന്ത്രിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |