കൊല്ലം: സ്ഥിരം യാത്രക്കാരായ സീസൺ ടിക്കറ്റുകാരെ കൂടുതൽ ദുരിതത്തിലാക്കി രാവിലെയും വൈകിട്ടുമുള്ള ട്രെയിനുകളിലെ ഡി റിസർവ്ഡ് കോച്ചുകൾ മറയുന്നു. പല ട്രെയിനുകളിലെയും റിസർവ്ഡ്, സ്ലീപ്പർ കോച്ചുകൾ കാലിയായി കിടക്കുമ്പോഴാണ് ഉള്ള ഡി റിസർവ്ഡ് കോച്ചുകൾ കൂടി വെട്ടിച്ചുരുക്കുന്നത്. ഇതോടെ സ്ഥിരം യാത്രക്കാർ ജനറൽ കോച്ചുകളിൽ തിക്കിത്തിരക്കി കുഴഞ്ഞുവീഴുന്ന അവസ്ഥ സൃഷ്ടിക്കും.
രാവിലെ അഞ്ചര മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ എഴ് വരെയുമാണ് ട്രെയിനുകളിൽ സീസൺ ടിക്കറ്റുകാർ കൂടുതലായി കയറുന്നത്. രാവിലെ 5.30നും 9.45നും ഇടയിൽ ഏഴ് ട്രെയിനുകൾ കൊല്ലം റെയിൽവേ സ്റ്റേഷൻ വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നുണ്ട്. ഇതിൽ വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകളിൽ എല്ലാം ജനറൽ കോച്ചുകളാണ്. ബാക്കി അഞ്ച് ട്രെയിനുകളിൽ നാലിലും ഡി റിസർവ്ഡ് കോച്ചുകളില്ല. മലബാറിൽ മാത്രമാണ് ഒരു ഡി റിസർവ്ഡ് കോച്ചുള്ളത്. വൈകിട്ട് തിരുവനന്തുപുരത്ത് നിന്ന് കൊല്ലത്തേക്ക് ആറ് സ്ഥിരം ട്രെയിനുകളുണ്ടെങ്കിലും രാത്രി 7.8ന് കൊല്ലത്ത് എത്തുന്ന മലബാറിൽ മാത്രമാണ് ഒരു ഡി റിസർവ്ഡ് കോച്ചുള്ളത്.
വഞ്ചിനാടും ഇന്റർസിറ്റിയും പാസഞ്ചറും ഒഴികെയുള്ള ട്രെയിനുകളിൽ ശരാശരി 4 ജനറൽ കോച്ചുകളേ ഉണ്ടാകാറുള്ളു. ഇതിൽ ഓരോന്ന് വീതം പാഴ്സലും ഡിസേബിൾഡും പോകും. ബാക്കിയുള്ള രണ്ട് ജനറൽ കോച്ചുകളിലാണ് സീസൺ ടിക്കറ്റുകാർ ശ്വാസമുട്ടി യാത്ര ചെയ്യുന്നത്.
ലക്ഷ്യം വരുമാന വർദ്ധനവ്
പരമാവധി ബർത്തുകൾ റിസർവേഷനായി നീക്കിവച്ച് വരുമാനം വർദ്ധിപ്പിക്കാനാണ് റെയിൽവേ ഡി റിസർവ്ഡ് കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നത്. പ്രതിഷേധം ഉയരുമ്പോൾ ഇടയ്ക്ക് ഒരു കോച്ച് ഡി റിസർവ്ഡ് കോച്ച് ആക്കുമെങ്കിലും മാസങ്ങൾക്കുള്ളിൽ വീണ്ടും വെട്ടിക്കുറയ്ക്കുന്നതാണ് റെയിൽവേയുടെ തന്ത്രം.
രാവിലെ തിരുവനന്തപുരത്തേക്ക്
(ട്രെയിൻ, കൊല്ലത്ത് എത്തുന്ന സമയം, ഡി റിസർവ്ഡ് കോച്ച്)
ചെന്നൈ സൂപ്പർ ഫാസ്റ്റ്-5.57, 0
മലബാർ-6.22, 1
ജയന്തി ജനത-7.12, 0
ബംഗളൂരു-കൊച്ചുവേളി-7.22, 0
ചെന്നൈ മെയിൽ-9.45, 0
വൈകിട്ട് തിരുവനന്തപുരത്ത് നിന്ന്
കൊച്ചുവേളി-ബംഗളൂരു-5.57, 0
ചെന്നൈ സൂപ്പർ ഫാസ്റ്റ്-6.15, 0
മലബാർ- 8, 1
മാവേലി- 8.22, 0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |