കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് പത്തനാപുരം ഗാന്ധിഭവന്റെ സഹകരണത്തോടെ നടത്തുന്ന സമൂഹ വിവാഹം 2ന് രാവിലെ 10ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കും. 25 യുവതികളാണ് വേദിയിൽ സുമംഗലികളാകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായിട്ടാണ് 50 യുവതി യുവാക്കളെ വധൂവരൻമാരായി അവരുടെ ബന്ധുമിത്രാദികളുടെ സഹകരണത്തോടെ കണ്ടെത്തിയത്. വിവാഹത്തിനുള്ള വസ്ത്രങ്ങൾ, സ്വർണാഭരണങ്ങൾ, യാത്രാ ചെലവ്, സമ്പൂർണ സദ്യ, പോക്കറ്റ് മണി എന്നിവയടക്കം വേൾഡ് മലയാളി കൗൺസിൽ നൽകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.ബി.ഗണേശ് കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള, റവ. ഗീവർഗീസ് റമ്പാൻ, ഡോ. വി.പി.ഷുഹൈബ് മൗലവി, സ്വാമി ഗീതാനന്ദ എന്നിവർ പങ്കെടുക്കും. നേരത്തെ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ഗോത്രവർഗക്കാരായ 80 ജോഡി ഉൾപ്പടെ 370 നിർദ്ധന യുവതികളുടെ വിവാഹം നടത്തിയിട്ടുണ്ട്. 1995 ജൂലായിൽ ന്യൂജേഴ്സിയിൽ നടന്ന ലോക മലയാളി കൺവെൻഷനിൽ രൂപംകൊണ്ട് വേൾഡ് മലയാളി കൗൺസലിന് ആറ് റീജിയനുകളായി തിരിച്ച് 60 പ്രൊവിൻസുകളായി പ്രവർത്തിച്ചുവരികയാണ്. സമൂഹ വിവാഹത്തിൽ പങ്കെടുക്കാനായി അമേരിക്കയിൽ നിന്നടക്കം പ്രതിനിധികൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഫിലാഡെൽഫിയ പ്രസിഡന്റ് നൈനാൻ മത്തായി, ഗ്ളോബൽ പ്രസിഡന്റ് ഗോപാല പിള്ള, ക്രിസ്റ്റഫർ വർഗീസ്, ഗാന്ധിഭവൻ സി.ഇ.ഒ വിൻസന്റ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |