കൊല്ലം: കല്ലടയിലെ മൂന്ന് പഞ്ചായത്തുകളിലും മെഡിക്കൽ റാങ്ക് തിളക്കം. 2024ൽ കിഴക്കേകല്ലടയും പടി.കല്ലടയും മെഡിക്കൽ പി.ജി, ഡിഗ്രിതല ഒന്നാം റാങ്കുകൾ കരസ്ഥമാക്കിയപ്പോൾ, ഈ വർഷം മൺറോത്തുരുത്തും ഒപ്പം ചേർന്ന് കല്ലടയുടെ ഒന്നാംറാങ്ക് നേട്ടം മൂന്നാക്കി.
കേരള എം.ബി.ബി.എസ് ഒന്നാം റാങ്ക് നേടിയ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വി.എസ്.വിനയ് മൺറോത്തുരുത്ത് സ്വദേശിയാണ്. പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ ആറ്റുപുറത്ത് വീട്ടിൽ പി.വിനോദിന്റെയും കാലടി സർവകലാശാലയിലെ പ്രൊഫസർ ഡോ. എസ്.ഷീബയുടെയും മകനാണ്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി, ആദ്യ ചാൻസിൽ മെഡിക്കൽ പ്രവേശനം നേടിയ വിനയ്, കലാശാലപ്രതിഭയും കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു.
കഴിഞ്ഞ വർഷത്തെ തമിഴ്നാട് എം.ബി.ബി.എസ് ഒന്നാംറാങ്ക് ജേതാവായ പടി.കല്ലട വലിയപാടം മംഗലശേരിൽ ഡോ. അശ്വതി മറിയം വർഗീസ്, ചെന്നൈ കിൽപാക് ഗവ. മെഡിക്കൽ കോളേജിലാണ് പഠിച്ചത്. പ്രമുഖ മീഡിയ ഡിസൈനറായ വർഗീസ് കല്ലടയുടെയും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി കൺട്രോളർ ഡോ. ബിന്ദു ജേക്കബിന്റെയും മകളാണ്. ഇംഗ്ലീഷ് പ്രസംഗമത്സരങ്ങളിലും ശാസ്ത്രീയ സംഗീതത്തിലും തിളങ്ങുന്ന അശ്വതി, ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ് അവാർഡും നേടിയിരുന്നു.
കിഴക്കേകല്ലട മറവൂർ വടക്കേ ഭാഗത്ത് ഡോ. നീതു മറിയം അലക്സാണ് 2024 ലെ മെഡിക്കൽ പി.ജി പരീക്ഷയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേട്ടത്തിന് രാഷ്ട്രപതിയിൽ നിന്ന് സ്വർണ മെഡൽ നേടിയത്. വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥനായ എം. അലക്സാണ്ടർ വൈദ്യന്റെയും കായംകുളം സെന്റ് മേരീസ് ജി.എച്ച്.എസ് അദ്ധ്യാപിക കെ.ഷൈനിയുടെയും മകളാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചത്. ഭർത്താവ് ഡോ. ഡെന്നി മാത്യു ജോൺ.
കല്ലടയ്ക്ക് ചരിത്രവിജയം സമ്മാനിച്ച മൂന്ന് യുവഡോക്ടർമാരെയും, മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് അഭിനന്ദിച്ചു. പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.അശോകൻ, ട്രഷറർ ഡി.ശിവപ്രസാദ്, കിടങ്ങിൽ മഹേന്ദ്രൻ, എൻ.അംബുജാക്ഷപണിക്കർ, കെ.ടി.ശാന്തകുമാർ, എസ്.സോമരാജൻ, പി.വിനോദ്, വി.എസ്.പ്രസന്നകുമാർ, അലങ്ങാട്ട് സഹജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |