കൊച്ചി: തൊഴിൽതട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന യുവാവിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. ബ്രിട്ടനിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽ നിന്നുമായി പണം തട്ടിയെടുത്ത തൃപ്പൂണിത്തുറ നടമ ബോയ്സ് ഹൈസ്കൂളിന് സമീപം വിനയ് കോട്ടേജിൽ വിനയ് വിൻസെന്റാണ് (35) പിടിയിലായത്.
യു.കെയിൽ ജോലി വാഗ്ദാനംചെയ്ത് അമ്പലമുഗൾ അയ്യൻകുഴി സ്വദേശിയായ യുവാവിൽനിന്ന് 1.60 ലക്ഷംരൂപവാങ്ങി കബളിപ്പിച്ചതിന് 2024 നവംബറിൽ ഹിൽപാലസ് പൊലീസ് കേസെടുത്തിരുന്നു. 2023 ഫെബ്രുവരിയിലാണ് പണം വാങ്ങിയത്. 2019ൽ വൈറ്റില സ്വദേശിക്ക് യു.കെയിൽ ഹോട്ടൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയെടുത്ത് ഹിൽപാലസ് സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ കോടതി ജാമ്യംനൽകിയെങ്കിലും കോടതിയിൽ ഹാജരായി ജാമ്യമെടുക്കാതെ മുങ്ങുകയായിരുന്നു. തുടർന്ന് ബംഗളൂരുവിലേക്ക് കടന്ന ഇയാൾ അടുത്തിടെ ജില്ലയിൽ തിരിച്ചെത്തി പിറവം വട്ടപ്പാറയ്ക്ക് സമീപം തങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് ജില്ലയിൽ രണ്ട് കേസുകളിലും എറണാകുളം റൂറലിൽ ഒരു കേസിലും പ്രതിയാണ്.
എസ്.ഐമാരായ സന്തോഷ്, ബാലചന്ദ്രൻ, സീനിയർ സി.പി.ഒമാരായ വിനോദ് വാസുദേവൻ, അനീഷ് വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |