പത്രാധിപരിൽ നിന്ന് ഏജൻസി സ്വീകരിച്ച കേരളകൗമുദി ഏജന്റ്
കൊല്ലം: ആദിച്ചനല്ലൂരുകാരുടെ അരനൂറ്റാണ്ടുകാലത്തെ പുലർവേളകളിൽ വാർത്തയുടെ വെളിച്ചം വിതറിയ കേരളകൗമുദി ഏജന്റ് ആർ. വിശ്വനാഥപിള്ളയുടെ (92) വേർപാട് നാടിന് വല്ലാത്തൊരു വേദനയായി. അഞ്ചര പതിറ്റാണ്ട് മുൻപ് പത്രാധിപർ കെ. സുകുമാരനിൽ നിന്നാണ് അദ്ദേഹം കേരളകൗമുദിയുടെ ഏജൻസി സ്വീകരിച്ചത്. നാല് വർഷം മുൻപ് ആരോഗ്യ പ്രശ്നങ്ങൾ വല്ലാതെ തളർത്തുന്നത് വരെ വിശ്വനാഥപിള്ള ആദിച്ചനല്ലൂരിലെ വീടുകളിൽ പത്രവുമായി എത്തിയിരുന്നു.
നാട്ടിലെ പലരും സർക്കാർ സർവീസ് അടക്കമുള്ള പല ഉന്നത ഉദ്യോഗങ്ങളിലുമെത്തിയത് വിശ്വനാഥപിള്ള എല്ലാ ദിവസവും എത്തിച്ചിരുന്ന പത്രത്തിലെ അറിവുകൾ മനസിലുറപ്പിച്ചാണ്. പത്രം ഏജൻസി അദ്ദേഹത്തിന് ജീവനോപാധിക്കപ്പുറം നാടിന്റെ വളർച്ചയ്ക്കുള്ള സാമൂഹ്യപ്രവർത്തനം കൂടിയായിരുന്നു. അതുകൊണ്ട് ഏജൻസി എടുത്ത കാലം മുതൽ വിദ്യാർത്ഥികളും യുവാക്കളുമുള്ള വീട്ടുകാരെ നിർബന്ധപൂർവ്വം പത്രവരിക്കാരാക്കുമായിരുന്നു. പത്രത്തിലെ അറിയിപ്പ് കണ്ട് അപേക്ഷ നൽകി ജോലി ലഭിച്ചവരും മത്സരപരീക്ഷകളിലും തൊഴിൽ പരീക്ഷകളിലും ഉയർന്ന മാർക്ക് ലഭിക്കുന്നവരും അദ്ദേഹത്തെ കണ്ട് നന്ദി പറയുന്നതും പതിവായിരുന്നു. ചെറിയ തോതിൽ കൃഷി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പത്രവിതരണത്തോടായിരുന്നു ഏറെ പ്രിയം. ആദ്യകാലത്ത് പ്രഭാതങ്ങളിൽ പത്രവുമായെത്തി സൈക്കിൾ മണിയടിച്ച് ആദിച്ചനല്ലൂരൂകാരെ ഉണർത്തിയിരുന്നത് വിശ്വനാഥ പിള്ളയായിരുന്നു. അതിന് ശേഷം ലൂണ വാങ്ങി അതിലായിരുന്നു സഞ്ചാരം. പത്രങ്ങളിൽ വാർത്തയാക്കി നാട്ടിലെ നിരവധി ജനകീയ പ്രശ്നങ്ങൾക്ക് അദ്ദേഹം പരിഹാരം കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കളെപ്പോലെ നാട്ടിലെ പ്രശ്നങ്ങൾ പറയാൻ ആദിച്ചനല്ലൂരുകാരിൽ പലരും അദ്ദേഹത്തെ കാത്തിരിക്കുമായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ഇളയമകൻ ഹരീന്ദ്രകുമാറാണ് നാല് വർഷമായി പത്രം ഏജൻസിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഇന്നലെ പുലർച്ചെയാണ് അദ്ദേഹം യാത്രയായത്. സംസ്കാരം ആദിച്ചനല്ലൂർ പാലമണഴികം വീട്ടുവളപ്പിൽ നടന്നു. പുലകുളി അടിയന്തിരം നവംബർ 10ന് രാവിലെ 8ന് നടക്കും. ആനന്ദവല്ലിയാണ് ഭാര്യ. ഉണ്ണിക്കൃഷ്ണപിള്ള, പരേതനായ ഗോപകുമാർ, പ്രസന്നൻ, പരേതനായ വിനോദ്കുമാർ, ഹരീന്ദ്രകുമാർ എന്നിവർ മക്കൾ. ഉഷ, ലേഖ, ജയസുധ എന്നിവർ മരുമക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |