കൊല്ലം: റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്ന് അഞ്ചാലുംമൂട്ടിൽ തുടക്കമാകും. അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചാലുംമൂട് എൽ.പി.എസ്, നീരാവിൽ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, ജി.ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് വേദികൾ. ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി മേള എന്നിങ്ങനെ അഞ്ച് വിഭാഗമായിട്ടാണ് മേള. സാമൂഹ്യ ശാസ്ത്രമേളയും ഐ.ടി മേളയും ഇന്നും നാളെയുമായി നടക്കും. ശാസ്ത്രമേള ഇന്നും പ്രവൃത്തി പരിചയമേള നാളെയും നടക്കും. 12 ഉപജില്ലകളിൽ നടന്ന ശാസ്ത്രമേളകളിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയവരാണ് ജില്ലാ മേളയിൽ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. മേയർ ഹണി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിക്കും. നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ എസ്.കെ.ജയൻ അദ്ധ്യക്ഷത വഹിക്കും. വാഹന പാർക്കിംഗിന് വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അദ്ധ്യാപക സംഘടനകൾ നേതൃത്വം നൽകുന്ന 12 സബ് കമ്മിറ്റികൾ മേളയുടെ നടത്തിപ്പിന് വേണ്ടി രൂപീകരിച്ചിട്ടുണ്ടെന്നും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, ജെ. ഇന്ദിരകുമാരി, ജോജി ആദർശ്, സക്കറിയ മാത്യു, എസ്.അജിതകുമാരി, അലക്സ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നത്തെ ഇനങ്ങൾ
ശാസ്ത്രമേള: എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ 18 ഇനങ്ങൾ. 760 വിദ്യാർത്ഥികൾ. സാമൂഹ്യ ശാസ്ത്ര മേള: എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ 12 ഇനങ്ങൾ, 584 വിദ്യാർത്ഥികൾ. പ്രവൃത്തി പരിചയമേള: എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ 35 ഇനങ്ങൾ, 1650 വിദ്യാർത്ഥികൾ. ഐ.ടി മേള: എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ 12 ഇനങ്ങൾ, 298 വിദ്യാർത്ഥികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |