കൊല്ലം: ജില്ലാ പഞ്ചായത്ത് നെടുവത്തൂർ ഡിവിഷനിൽ ചിത്രം തെളിഞ്ഞു, എസ്.ആർ.അരുൺ ബാബു (സി.പി.എം) ഇടത് മുന്നണിയുടെയും ബിജു എബ്രഹാം (കോൺഗ്രസ്) യു.ഡി.എഫിന്റെയും ബൈജു ചെറുപൊയ്ക (ബി.ജെ.പി) എൻ.ഡി.എയുടെയും സ്ഥാനാർത്ഥികളാകും.
ഏറെക്കാലമായി പൊതുപ്രവർത്തന രംഗത്തുള്ള ചെറുപ്പക്കാരുടെ മത്സരമെന്ന ഖ്യാതിയുമുണ്ട്. ബി.ജെ.പിയാണ് ഡിവിഷനിലേക്ക് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്തംഗമായ ബൈജു ചെറുപൊയ്ക ആദ്യഘട്ട പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് സി.പി.എമ്മും കോൺഗ്രസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റിൽ നിലവിലെ ജില്ലാ പഞ്ചായത്തംഗവും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. വി.സുമാലാലിനെ വീണ്ടും മത്സരിപ്പിക്കണമെന്ന നിലയിൽ ചർച്ചകളുണ്ടായി. എന്നാൽ ജനറൽ സീറ്റിൽ വനിതകളെ അനിവാര്യതയില്ലെങ്കിൽ ഒഴിവാക്കാമെന്ന തരത്തിൽ പലവട്ടം ചർച്ചകൾ നടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡ് മെമ്പറും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എസ്.ആർ.അരുൺ ബാബുവിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം തീരുമാനത്തിൽ എത്തുകയായിരുന്നു.
നേരത്തെ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ബിജു എബ്രഹാം പത്ത് വർഷം മുമ്പ് ഇതേ ഡിവിഷനിൽ റിബലായി മത്സരിച്ചിരുന്നു. അതോടെ പാർട്ടിയിൽ നിന്ന് അകന്ന് കോൺഗ്രസിൽ ചേക്കേറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഴുകോൺ ഗ്രാമപഞ്ചായത്ത് അംഗവും രണ്ടര വർഷക്കാലം പ്രസിഡന്റുമായി. ഇപ്പോൾ വീണ്ടും കോൺഗ്രസ് ടിക്കറ്റിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. മുൻ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.മധുലാലിന്റെ പേരും സജീവ പരിഗണനയിൽ ഉണ്ടായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങളെ തുടർന്നാണ് മധുലാൽ തഴയപ്പെട്ടത്.
ഡിവിഷൻ ഘടനയിലെ മാറ്റം ആരെ തുണയ്ക്കും
കാലങ്ങളായി ഇടത് സ്ഥാനാർത്ഥി ജയിച്ചുവരുന്ന ഡിവിഷനാണ് നെടുവത്തൂർ. കരീപ്ര ഡിവിഷൻ പുതുതായി രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഡിവിഷന്റെ ഘടനയിൽ നേരിയ മാറ്റം വന്നിട്ടുണ്ട്. തേവലപ്പുറം, നെടുവത്തൂർ, ഇരുമ്പനങ്ങാട്, തൃപ്പിലഴികം, എഴുകോൺ, പവിത്രേശ്വരം, പാങ്ങോട് ബ്ളോക്ക് ഡിവിഷനുകളാണ് ഉൾപ്പെടുന്നത്. എഴുകോൺ, പവിത്രേശ്വരം, നെടുവത്തൂർ ഗ്രാമപഞ്ചായത്തുകളുടെ ഭാഗങ്ങളാണിവ. മൂന്ന് സ്ഥാനാർത്ഥികൾക്കും അവരുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തമായ സ്വാധീനം ഡിവിഷനിലുണ്ട്. ആ നിലയിൽ കടുത്ത മത്സരമാണ് നടക്കുക. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് എന്ന നിലയിലും പാലിയേറ്റീവ് കെയർ രംഗത്തെ പ്രവർത്തനങ്ങളുമടക്കം എസ്.ആർ.അരുൺ ബാബുവിന് അനുകൂല ഘടകങ്ങൾ ഏറെയുണ്ട്. മികച്ച വാഗ്മിയുമാണ്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് അംഗമെന്നതും ബി.ജെ.പി ജില്ലാ സെക്രട്ടറിയെന്നതുമടക്കം ബൈജു ചെറുപൊയ്കയ്ക്കും എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ നിലവിലെ പ്രസിഡന്റ് എന്ന നിലയിൽ ബിജു എബ്രഹാമിനുമുള്ള സ്വാധീനം ചെറുതല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |