കൊല്ലം: ഇന്നലെ ഉച്ചമുതൽ മത്സ്യബന്ധന ബോട്ടുകളിൽ അഞ്ച് മണിക്കൂറോളം നീണ്ട തീപിടിത്തം അക്ഷരാർത്ഥത്തിൽ ജനത്തെ പരിഭ്രാന്തരാക്കി. കാവനാട് മുക്കാട് മഠത്തിൽ കായൽവാരത്തെ പലിശക്കടവും മറുകരയിലെ സെന്റ് ജോർജ് ഐലന്റുമാണ് ഭീതിയുടെ പുകപടലങ്ങളിൽ മുങ്ങിയത്.
ആളപായമുണ്ടായില്ലെങ്കിലും സമീപത്ത് കിടന്ന ബോട്ടുകളിലേക്ക് തീ പടരുമോയെന്ന് ആശങ്ക ഉയർത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് മത്സ്യബന്ധനം കഴിഞ്ഞ് പലിശക്കടവ് ഭാഗത്ത് ഒന്നിച്ച് കെട്ടിയിട്ടിരുന്ന നാല് ബോട്ടുകളിൽ ഹല്ലേലൂയ, യഹോവ എന്നീ ബോട്ടുകൾക്ക് തീപിടിച്ചത്. ഹല്ലേലൂയ എന്ന ബോട്ടിൽ നിന്നാകാം മറ്റ് ബോട്ടിലേക്ക് തീപടർന്നത് എന്നാണ് കരുതുന്നത്. ആദ്യം തീപിടിച്ച ബോട്ടിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഭക്ഷണ പാകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായതാകാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ കത്തിയ ഉടൻ തന്നെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ എല്ലാം വെള്ളത്തിലേക്ക് ചാടി കരയിലെത്തി. ഇതിനിടെ സമീപത്ത് കിടന്ന ഡിവൈൻ മേഴ്സി എന്ന ബോട്ടിലെ വലയിലും ജന്നലിലും തീ പടർന്നു. ഈ സമയം ബോട്ടിലുണ്ടായിരുന്ന കുളച്ചൽ സ്വദേശി ജോൺ ഈ തീകെടുത്തി. തുടർന്ന് ഇദ്ദേഹവും ജീവനക്കാരും ഉൾപ്പടെ ബോട്ടിന്റെ കെട്ട് അഴിച്ചു വിട്ടു. അപ്പോഴേക്കും ബോട്ടിന്റെ കാൽഭാഗത്തോളം തീ പടർന്നിരുന്നു. തുടർന്ന് ഇരു ബോട്ടുകളും മറുകരയിലുള്ള സെന്റ് ജോർജ് ഐലന്റിന്റെ തീരത്തുള്ള ഐസ് പ്ലാന്റിനോട് ചേർന്ന് മൺത്തിട്ടയിൽ ഇടിച്ചുനിന്നു.
പുകയ്ക്ക് പിന്നാലെ സ്ഫോടനം
തീ ആളിപ്പടർന്നതോടെ കറുത്ത പുക അന്തരീക്ഷത്തിൽ നിറഞ്ഞു. ഇതിനിടെ നാല് തവണ പൊട്ടിത്തെറി ശബ്ദവും മുഴങ്ങി. ശരാശരി 3000 ലിറ്ററോളം ഡീസൽ വീതം ഇരുബോട്ടിലും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതാണ് തീ അണയാതെ കത്താൻ കാരണമായത്.
വെല്ലുവിളി നിറഞ്ഞ് രക്ഷാപ്രവർത്തനം
വിവരം അറിഞ്ഞയുടൻ ചാമക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘം കാവനാട് മുക്കാട് ഭാഗത്തെത്തി
ഈ സമയം ചുറ്റുപാടും കാണാൻ കഴിയാത്ത നിലയിൽ പുക വ്യാപിച്ചിരുന്നു
കടപ്പാക്കട, ചവറ, പരവൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി
കടപ്പാക്കടയിൽ നിന്ന് സ്കൂബാ സംഘവും
ബോട്ടുകൾ മറുകരയിലായതിനാൽ അവിടേക്ക് എത്താനായില്ല
ഐസ് പ്ലാന്റിലെ വെള്ളം ഒഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു
വൈകിട്ട് മൂന്നോടെ നീണ്ടകരയിൽ നിന്ന് ഫിഷറീസിന്റെ ബോട്ടെത്തി
ഫ്ലോട്ടിംഗ് മോട്ടർ ഉപയോഗിച്ച് അഞ്ച് മണിക്കൂറോളം പരിശ്രമിച്ച് തീ നിയന്ത്രണ വിധേയമാക്കി
വലയും മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടും പൂർണമായും കത്തിനശിച്ചു
സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം
നാശനഷ്ടം
₹ 1 കോടി
(ഏകദേശം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |