കിഴക്കേക്കല്ലട: ഇലവൂർക്കാവ് ഘണ്ഠാകർണൻ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആന വിരണ്ടോടിയത് കല്ലടയെ ഒന്നര മണിക്കൂറോളം ഭീതിയിലാഴ്ത്തി. നെറ്റിപ്പട്ടം കെട്ടിയ ആനകളും നിരവധി ഫ്ളോട്ടുകളുമായി ഉത്സവ സ്ഥലത്ത് നിന്ന് തേനി ദേശീയപാതയിലൂടെ ചിറ്റുമല ചോതിരത്തിൽ ഗുരുമന്ദിരം വരെയെത്തിയ ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തി തിടമ്പ് അഴിച്ച് മുകളിലിരുന്നവരെ താഴെയിറക്കിയ ശേഷമാണ് പേരൂർ ക്ഷേത്രത്തിലെ ശിവനെന്ന ആന വിരണ്ടോടിയത്.
തിരക്കേറിയ ക്ഷേത്ര പരിസരത്ത് നിന്ന് വീതി കുറഞ്ഞ ഇടറോഡിലേക്ക് ഓടവേ ആൾക്കൂട്ടം ചിന്നിച്ചിതറിയോടി. പലർക്കും വീഴ്ചയിൽ പരിക്കേറ്റു. അഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന ചന്തമുക്കിലെത്തി തേനി ഹൈവേയിൽ പ്രവേശിച്ചതോടെ വാഹനങ്ങൾ കിഴക്കേകല്ലട പൊലീസ് ചിറ്റുമലയിൽ തടഞ്ഞു. ഒന്നര കിലോമീറ്ററോളം ഓടിയ ആനയെ എസ്.പി.സി.എ സംഘം പിന്തുടർന്നു. ചിറ്റുമല കയറ്റം കയറിയ ആന വേഗം കുറച്ചപ്പോൾ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ക്യാച്ചർ ഉപയോഗിച്ച് നിയന്ത്രണത്തിലാക്കി ചിറ്റുമലയിലെ സ്പൈസ് ഹബ് ഹോട്ടൽ വളപ്പിലെ മരത്തിൽ തളച്ചു. എസ്.പി.സി.എ ഇൻസ്പെക്ടർ റിജു, ഷിബു എന്നിവർ സംഘത്തിലുണ്ടായിരുന്നു. ആന ഏതാനും ഫ്ളോട്ടുകൾക്കും ചില വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തി. കിഴക്കേക്കല്ലട പൊലീസും സമയോചിതമായി പ്രവർത്തിച്ചതിനാൽ അപകടം ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |