കൊല്ലം: കോപ്പറേഷനിലെ അഴിമതി ആരോപണങ്ങൾ ആർക്കുവേണമെങ്കിലും അന്വേഷിക്കാമെന്നും എന്തും നേരിടാൻ തയ്യാറാണെന്നും സ്ഥാനമൊഴിയുന്ന മേയർ ഹണി ബെഞ്ചമിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലം നഗരഹൃദയമായ ചിന്നക്കടയെ രണ്ടായി മുറിച്ചു നഗരത്തെ ശ്വാസം മുട്ടിച്ച വന്മതിൽ പൊളിക്കും എന്നാണ് യു.ഡി.എഫിന്റെ പ്രഖ്യാപനം. പൊളിക്കാനാണെങ്കിൽ കേരളത്തിൽ ഇത്തരത്തിൽ നിരവധി മതിലുകൾ പൊളിക്കാനുണ്ട്. സംസ്ഥാനത്തെ മറ്റെല്ലാ കോർപ്പറേഷനുകളെയും അപേക്ഷിച്ച് വികസനപ്രവർത്തനത്തിൽ മുന്നിൽതന്നെയാണ് കൊല്ലം കോർപ്പറേഷൻ. 1240 കോടി രൂപയുടെ വികസനപദ്ധതികളാണ് അഞ്ചുവർഷക്കാലയളവിൽ എൽ.ഡി.എഫ് ഭരണസമിതി നടപ്പാക്കിയത്. ഞാങ്കടവ് കുടിവെള്ളപദ്ധതി അവസാനഘട്ടത്തിലാണ്. കുരീപ്പുഴയിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്, സഞ്ചരിക്കുന്ന മാലിന്യപ്ലാന്റ് എന്നിവ യാഥാർത്ഥ്യമാകുകയാണ്. മണിച്ചിത്തോടിനു സമീപം മാലിന്യ പ്ലാന്റ്, പുള്ളിക്കട ചേരിയിൽ 50 കുടുംബങ്ങൾക്ക് ബയോ ഡൈജസ്റ്റുകൾ, ആശ്രാമം മൈതാനം മുനീശ്വരൻകോവിൽ മുതൽ ശർമ്മാ ജംഗ്ഷൻ വരെയുള്ള സൗന്ദര്യവത്കരണം, മൈതാനത്ത് നാല് ഹൈമാസ്റ്റ് ലൈറ്റ്, പ്രസ് ക്ലബിനോട് ചേർന്ന് സാംബശിവൻ സ്ക്വയർ മുതൽ കടപ്പാക്കടവരെ സൗന്ദര്യവത്കരണം അങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളുടെ പ്രാരംഭനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പരാജയത്തിന്റെ കാരണം താഴെ തട്ടിൽ നിന്ന് അന്വേഷിച്ചെങ്കിൽ മാത്രമെ മനസിലാകൂ. ഭരണവിരുദ്ധ വികാരം ഉണ്ടായതായി കരുതുന്നില്ലെന്നും ഹണി ബെഞ്ചമിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |