കൊല്ലം: എസ്.ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും അടയ്ക്കയും വച്ച് കൊലവിളി നടത്തിയ സി.പി.എം മുൻ കൗൺസിലർ കറങ്ങിനടന്നിട്ടും പിടികൂടാതെ പൊലീസ്. സംഭവത്തിലെ ഒരു പ്രതിയെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളുവെന്നും ബാക്കിയുള്ളവരെ കൂടി തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.
കൊല്ലം കോർപ്പറേഷൻ മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗവുമായ എം.സജീവാണ് ഇരവിപുരം സ്റ്റേഷനിലെത്തി എസ്.ഐ ആർ.യു.രഞ്ചിത്തിന്റെ ചേംബറിൽ കയറി കൊലവിളി മുഴക്കിയത്. പത്ത് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. അപടത്തിന് പിന്നാലെ പിടിച്ചെടുത്ത ഇൻഷ്വറൻസ് ഇല്ലാത്ത പാർട്ടി പ്രവർത്തകന്റെ ബൈക്ക് തിരിച്ചുനൽകാത്തതിലുള്ള വിരോധത്തിലായിരുന്നു അസഭ്യവർഷവും കൊലവിളിയും. വാഴയിലയിൽ അവലും മലരും പഴവും അടയ്ക്കയും വച്ച് മൂന്ന് തവണ കൈ കൂപ്പി വണങ്ങിയ ശേഷം അസഭ്യവർഷം നടത്തുന്നതിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ ഇന്നലെ പരിശോധിച്ചു.
കഴിഞ്ഞ 9ന് പള്ളിമുക്ക് പെട്രോൾ പമ്പിലെ ജീവനക്കാരിയെ ബൈക്ക് ഇടിച്ചതിനെ തുടർന്ന് പള്ളിമുക്ക് സ്വദേശിയായ യുവാവിന്റെ ബൈക്ക് സ്ഥലത്തുണ്ടായിരുന്നവർ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ ഇൻഷ്വറൻസ് ഇല്ലെന്നറിഞ്ഞതോടെ ബൈക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഈ ബൈക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സജീവ് സ്റ്റേഷനിൽ എത്തിയങ്കിലും ബൈക്ക് വിട്ടുകൊടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്നാണ് കഴിഞ്ഞ 20ന് ഉച്ചയ്ക്ക് 1.45 ഓടെ സജീവിന്റെ നേതൃത്വത്തിൽ പത്തുപേരടങ്ങുന്ന സംഘം സ്റ്റേഷനിലെത്തി നിന്നെ ശരിയാക്കുമെന്നും തോളിലെ നക്ഷത്രം കളയിക്കുമെന്നും എസ്.ഐക്ക് നേരെ ഭീഷണി മുഴക്കിയത്. കൂടുതൽ പൊലീസുകാരെത്തി സജീവ് അടക്കമുള്ളവരെ സ്റ്റേഷന് പുറത്താക്കി. ഏകദേശം 15 മിനിറ്റോളം പ്രതികൾ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ബൈക്ക് ഉടമയായ യുവാവിനൊപ്പം എത്തിയ മറ്റ് സഹപ്രവർത്തകരോട് തന്നെ അപമാനിക്കുന്ന തരത്തിൽ എസ്.ഐ സംസാരിച്ചിരുന്നുവെന്നും താൻ നേരിട്ടെത്തിയപ്പോൾ ആദ്യം പ്രകോപിതനായത് എസ്.ഐ ആണെന്നും എം.സജീവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |