കൊല്ലം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പനങ്കുറ്റിമലയിലെ പ്ലാന്റിൽ ഇലക്ട്രോണിക് തകരാർ ഉണ്ടായതിനെ തുടർന്ന് കുടിവെള്ള വിതരണം ഇന്നലെ ഉച്ച മുതൽ സ്തംഭിച്ചു. തകരാർ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇന്നും വിതരണം മുടങ്ങും. ജില്ലയുടെ മൂന്നിലൊന്ന് ഭാഗത്ത് ഈ പ്ലാന്റിൽ നിന്നാണ് കുടിവെള്ള വിതരണം ചെയ്യുന്നത്.
കല്ലടയാറ്റിലെ ജലം ശേഖരിച്ചാണ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പനങ്കുറ്റിമലയിലെ ടാങ്കിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. 70 എം.എൽ.ഡി ശേഷിയുള്ള പ്ലാന്റെങ്കിലും പ്രതിദിനം 60 എം.എൽ.ഡി ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യും. പുനലൂർ, പരവൂർ മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷന്റെ പകുതിയോളം ഭാഗം, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, പൂയപ്പള്ളി, ഉമ്മന്നൂർ, വെളിയം, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, പൂതക്കുളം, മയ്യനാട് തുടങ്ങിയ പഞ്ചായത്തുകളിൽ ഈ പ്ലാന്റിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ശാസ്താംകോട്ടയിൽ നിന്നുള്ള പമ്പിംഗ് വർദ്ധിപ്പിച്ച് കൊല്ലം കോർപ്പറേഷനിലെ വിതരണം ഒരു പരിധി വരെ മുന്നോട്ടുകൊണ്ടുപോകാമെങ്കിലും മറ്റ് പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ വലയും.
ജീവനക്കാരെ വെട്ടിക്കുറച്ചു
പ്ലാന്റിലെയും പമ്പ് ഹൗസിലെയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതാണ് പ്ലാന്റ് തകരാറിലാകാൻ കാരണമെന്ന് ആരോപമുണ്ട്. ആയിരം എച്ച്.പി ശേഷിയുള്ള രണ്ട് പമ്പുകൾ ഇവിടെ തുടർച്ചയായി പ്രവർത്തിക്കുന്നതാണ്. സങ്കീർണമായ ഇലക്ട്രോണിക് സംവിധാനങ്ങളുള്ളതാണ് ഇവിടുത്തെ പ്ലാന്റ്. നിരന്തരം നിരീക്ഷിച്ച് ഇലക്ട്രോണിക് സംവിധാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണം. ജീവനക്കാരുടെ എണ്ണം കുറഞ്ഞതോടെ നിരീക്ഷണവും നിയന്ത്രണവും പാളി. രണ്ട് മാസത്തിനിടയിൽ മൂന്നാം തവണയാണ് പ്ലാന്റിൽ ഇലക്ട്രോണിക് തകരാർ ഉണ്ടാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |