
കൊല്ലം: കൊല്ലം- തേനി ദേശീയപാത വികസന പദ്ധതിയെ പ്രതിസന്ധിയിലാക്കി സ്ഥലമേറ്റെടുക്കലിന് സംസ്ഥാന സർക്കാരിന്റെ വിഹിതം ആവശ്യപ്പെട്ട് മോർത്ത് (മിനിസ്ട്രി ഒഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ്). പാത പൂർണമായും കേന്ദ്രഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെയും ജനങ്ങളുടെയും പ്രതീക്ഷ.
കൊല്ലം- തേനി ദേശീയപാത വികസനത്തിന് സ്വകാര്യ കൺസൾട്ടൻസി തയ്യാറാക്കിയ എസ്റ്റിമേറ്റ് പരിശോധിക്കവെയാണ് മോർത്ത് സംസ്ഥാനത്തിന്റെ വിഹിതം സംബന്ധിച്ച് വ്യക്തത തേടിയിരിക്കുന്നത്. ദേശീയപാത 66 വികസനത്തിൽ സ്ഥലമേറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിച്ചിരുന്നു. എന്നാൽ കേരളമൊഴികെ ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും ദേശീയപാത വികസനത്തിന്റെ ചെലവ് പൂർണമായും വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. നേരത്തെ കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ വികസനത്തിനുള്ള സ്ഥലമേറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന ആവശ്യം ഒരു വർഷത്തോളം പദ്ധതിയെ സ്തംഭനത്തിലാക്കിയിരുന്നു. പിന്നീട് നിർമ്മാണ സാമഗ്രികൾക്കുള്ള റോയൽറ്റിയും ജി.എസ്.ടി വിഹിതവും സംസ്ഥാന സർക്കാർ ഒഴിവാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സ്ഥലമേറ്റെടുക്കൽ ചെലവിന്റെ പങ്ക് വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായേക്കില്ല. ഗ്രീൻഫീൽഡ് ഹൈവേയുടേത് പോലെ ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കാനാണ് നേരിയ സാദ്ധ്യതയുള്ളത്. അതിന് മോർത്ത് വഴങ്ങിയില്ലെങ്കിൽ കൊല്ലം-തേനി ദേശീയപാത വികസന നടപടികൾ സ്തംഭനത്തിലേക്ക് നീങ്ങും.
1900 കോടിയുടെ ഡി.പി.ആർ
കൊല്ലം- തേനി ദേശീയപാതയിൽ കടവൂർ മുതൽ ആഞ്ഞിലിമൂട് വരെയുള്ള വികസനത്തിന് സ്ഥമേറ്റെടുപ്പിനുള്ള നഷ്ടപരിഹാരം, പുനരധിവാസ പാക്കേജ്, നിർമ്മാണം എന്നിവ സഹിതം 1900 കോടിയുടെ ഡി.പി.ആറാണ് ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഡി.പി.ആറിനുള്ള അംഗീകാരവും സ്ഥലമേറ്റെടുക്കൽ നടപടികളും വൈകുന്നത് അലൈൻമെന്റിൽ ഉൾപ്പെട്ട നൂറുകണക്കിന് ഭൂവുടമകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സ്ഥലമേറ്റെടുക്കലിനുള്ള ആദ്യഘട്ട ത്രി എ വിജ്ഞാപനം കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഉടമകൾ.
പദ്ധതി ഇങ്ങനെ
കടപുഴയിൽ പുതിയ പാലം
പെരിനാട് പുതിയ ആർ.ഒ.ബി
ഇരുവശങ്ങളിൽ 1.5 മീറ്റർ നടപ്പാത
ജംഗ്ഷനുകളിൽ ബസ് ബേ
വികസിപ്പിക്കുന്നത്
24 മീറ്ററിൽ
കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ
54 കിലോമീറ്റർ
നാലുവരിപ്പാത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |