രോഗികളെ വട്ടംകറക്കി ആശുപത്രി അധികൃതർ
കൊല്ലം: അൾട്രാ സൗണ്ട് സ്കാനിംഗിനായി ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ കാത്തിരിക്കേണ്ടി വരുന്നത് ഒന്നരമാസം വരെ! അടിയന്തര സ്കാനിംഗുകൾ മാത്രമാണ് അന്നന്ന് നടത്തുന്നത്. ബാക്കിയുള്ളവർക്കാണ് ഒന്നരമാസം കഴിഞ്ഞുള്ള തീയതി ലഭിക്കുന്നത്. മൂന്നു മാസമായി ഇതാണ് അവസ്ഥ. വേണ്ടത്ര റേഡിയോളജിസ്റ്റ് ഇല്ലാത്തതാണ് പ്രധാന പ്രശ്നം.
നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയായിട്ടും റേഡിയോളജിസ്റ്റിന്റെ ഒരു തസ്തികയാണുള്ളത്. സ്കാനിംഗ് നീളുന്നതിനെതിരെ രോഗികളുടെ പ്രതിഷേധം ശക്തമായതോടെ റേഡിയോളജി ബിരുദമുള്ള കാഷ്വാലിറ്റി ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസറെ സ്കാനിംഗ് കേന്ദ്രത്തിൽ നിയോഗിച്ചിരുന്നു. മൂന്ന് മാസം മുൻപ് ഈ വനിതാ ഡോക്ടർ അവധിയിൽ പോയതോടെ ആൾട്രാ സൗണ്ട് സ്കാനിംഗ് വീണ്ടും മന്ദഗതിയിലായി. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും രണ്ട് മുതൽ നാല് വരെയും മാത്രമാണ് സ്കാനിംഗ് നടക്കുന്നത്. തൊഴിലാളികളും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയെ ആശ്രയിക്കുന്നത്.
സ്കാനിംഗ് നാലുവരെ
നേരത്തെ സമയം നൽകിയവരെ മാറ്റിനിറുത്തിയാണ് അടിയന്തിര സ്കാനിംഗുകൾ നടത്തുന്നത്. എത്ര തിരക്കുണ്ടായാലും മനുഷ്യത്വമില്ലാതെ സ്കാനിംഗ് നാലിന് അവസാനിപ്പിക്കും. അടിയന്തിര സ്കാനിംഗ് വരുന്ന ദിവസങ്ങളിൽ നേരത്തെ സമയം നൽകിയവരിൽ പലരും നിരാശരായി മടങ്ങേണ്ട അവസ്ഥയുണ്ട്.
റഫറൻസ് നിലച്ചു
സ്വകാര്യ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള റഫറൻസിന് ഇ.എസ്.ഐ കോർപ്പറേഷൻ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ റേഡിയോളജിസ്റ്റ് അവധിയായ ദിവസങ്ങളിൽ മാത്രമാണ് എംപാനൽ ചെയ്ത സ്വകാര്യ കേന്ദ്രങ്ങളിലേക്ക് സ്കാനിംഗിന് അയയ്ക്കുന്നത്. അല്ലാത്തപ്പോൾ അടിയന്തര സാഹചര്യമല്ലെങ്കിൽ പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ ആണ് എഴുതി നൽകുന്നത്. അവിടെയും തിരക്കുതന്നെ ആയിരിക്കും എല്ലാ ദിവസവും.
..................................................
നേരത്തെ ഉണ്ടായിരുന്നത് രണ്ട് റേഡിയോളജിസ്റ്റുകൾ
ഒരു റേഡിയോളജിസ്റ്റ് മൂന്ന് മാസമായി അവധിയിൽ
താത്കാലിക നിയമനത്തിന് നടപടിയില്ല
ഇപ്പോൾ ഒരു ദിവസം 20-25 അൾട്രാ സൗണ്ട് സ്കാനിംഗ്
രണ്ട് റേഡിയോളജിസ്റ്റുകൾ ഉണ്ടായിരുന്നപ്പോൾ 50- 60
റേഡിയോളജിസ്റ്റിന്റെ ഒരു തസ്തികയേ ആശുപത്രിയിലുള്ളൂ. തിരക്ക് ഉയർന്നതോടെ ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയോഗിച്ച വനിതാ ഡോക്ടർ അവധിയിൽ പോയതാണ് ഇപ്പോഴത്തെ പ്രശ്നം. പകരം സംവിധാനത്തിനുള്ള ആലോചന നടക്കുന്നു
ഇ.എസ്.ഐ ആശുപത്രി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |