പുനലൂർ ബാധയൊഴിപ്പിക്കാനെന്ന പേരിൽ, നാലു വയസ്സുള്ള തമിഴ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ കലൈവാണൻ കാമരാജിനെയാണ് (40) സ്പെഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജ് അരവിന്ദ് ബി. ഇടിയോടി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം കൂടി കഠിനതടവ് അനുഭവിക്കണം. കൂടാതെ, ഇരയായ പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസ് അറിയിച്ചു.
2023 മേയിൽൽ കൊല്ലം ലക്ഷ്മി നടയിലും ബീച്ച് റോഡിലുമുള്ള വാടകവീടുകളിൽ വെച്ചായിരുന്നു സംഭവം. കുട്ടിയുടെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്നും അത് ഒഴിപ്പിക്കാനാണെന്നും വിശ്വസിപ്പിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് പുറമെ ബെൽറ്റ് കൊണ്ട് മർദ്ദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കണ്ടെത്തി. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ബാലനീതി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്പെക്ടറായിരുന്ന ഷെഫീഖ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിക്കുന്നതിന് സബ് ഇൻസ്പെക്ടർ സരിത, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയകുമാരി എന്നിവർ സഹായിച്ചു. 27 രേഖകളും സാക്ഷികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |