ആരോഗ്യമുള്ള 22 മുതിർന്നവരുടെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ അവരിൽ 17 പേരുടെ രക്തത്തിൽ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. ഈ കണികകൾ ശരീരത്തിലുടനീളം സഞ്ചരിച്ച് അവയവങ്ങളിൽ തങ്ങി നിൽക്കാൻ സാദ്ധ്യതയുണ്ട്.
നെതർലാൻഡ്സിലെ ആംസ്റ്റർഡാമിലെ വ്രിജേ യൂണിവേഴ്സിറ്റിയിലെ ഇക്കാടോക്സി കോളജിസ്റ്റായ പ്രൊഫ. ഡിക്ക് വെതാക്കിന്റെ കണ്ടു പിടിത്തമാണ് മനുഷ്യരക്തത്തിലെ മൈക്രോ പ്ലാസ്റ്റിക് മിലനീകരണം. സാമ്പിൾ പരിശോധിക്കുമ്പോൾ മലിനീകരണം ഒഴിവാക്കാൻ സ്റ്റീൽ സിറിഞ്ചുകളും ഗ്ലാസ് ട്യൂബുകളുമാണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രധാന സ്രോതസുകളിൽ ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്. അവരുടെ ഗവേഷണത്തിലൂടെ അഞ്ച് വ്യത്യസ്തതരം പ്ലാസ്റ്റിക് കണങ്ങളാണ് കണ്ടെത്തിയത്. ലോകത്ത് ഓരോ വർഷവും 300 ദശലക്ഷത്തിലധികം പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു. 14 ദശ ലക്ഷം ടൺ സമുദ്രത്തിൽ ചെന്നു ചേരുന്നു. മൈക്രോ പ്ലാസ്റ്റിക്കുകൾ നശിക്കാൻ വർഷങ്ങളെടുത്തേക്കും സമുദ്രമലിനീകരണത്തിന്റെ പ്രധാന സ്രോതസ് മൈക്രോപ്ലാസ്റ്റിക്കാണ്.
കുഞ്ഞുങ്ങളിൽ മൈക്രോ പ്ലാസ്റ്റിക് 10 മടങ്ങ് കൂടുതൽ
അന്തരീക്ഷ മലിനീകരണ കണങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം ദശലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും മരിക്കാറുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകൾ എവറസ്റ്റ് കൊടുമുടി മുതൽ സമുദ്രത്തിലെ ആഴങ്ങളിൽ വരെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. വായു, ഭക്ഷണപ്പൊതികൾ, പാനീയകുപ്പികൾ, പ്ലാസ്റ്റിക് ബാഗുകൾ, വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ തുടങ്ങിയവയിലൂടെയാണ് പ്ലാസ്റ്റിക് കണികകൾ ഇതിൽ ചെല്ലുന്നത്. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് അവരുടെ വയറ്റിലെത്തും. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ മലത്തിൽ മൈക്രോപ്ലാസ്റ്റിക് 10 മടങ്ങ് കൂടുതലുണ്ടെന്ന് കണ്ടെത്തിയിരിന്നു. തലച്ചോറിലും മറ്റു ശരീരഭാഗങ്ങളിലും ഗുരുതരമായ രോഗങ്ങൾ മൈക്രോപ്ലാസ്റ്റിക്ക് ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.
എന്താണ് മൈക്രോ പ്ലാസ്റ്റിക്
അഞ്ചു മില്ലിമീറ്റർ താഴെ നീളമുള്ള ഏത് തരത്തിലുമുള്ള പ്ലാസ്റ്റിക്കിന്റെയും തരികളാണ് മൈക്രോ പ്ലാസ്റ്റിക്. വസ്ത്രങ്ങളിലെ മൈക്രോ ഫൈബറുകൾ, മൈക്രോവേവ് പാത്രങ്ങൾ, സൗന്ദര്യവർദ്ധകവ സ്തുക്കൾ, മത്സ്യബന്ധനവലകൾ, ടയറുകൾ തുടങ്ങിയവയെല്ലാം മൈക്രോപ്ലാസ്റ്റിക്കിന്റെ പരിധിയിൽ വരും. രക്തത്തിൽ കയറുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ ചുവന്ന രക്താണുക്കളുടെ പുറംചർമ്മത്തിൽ പറ്റിപ്പിടിക്കും. എലികളിൽ പരീക്ഷണം നടത്തിയപ്പോൾ പ്ളാസ്റ്റിക് കണങ്ങൾ തലച്ചോറിലേക്കും മറ്റു അവയവങ്ങളിലേക്കും ഗർഭപാത്രത്തിലെ കുഞ്ഞുങ്ങളിലേക്കും നീങ്ങുന്നതായി കണ്ടെത്തി. മൈക്ര പ്ലാസ്റ്റിക് കലർന്ന വെള്ളം സസ്യങ്ങൾ വേരുകളിലൂടെ വലിച്ചെടുക്കുമ്പോൾ പ്ലാസ്റ്റിക് കണങ്ങൾ ഉള്ളിൽ കടക്കും.
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാം
പ്രകൃതിയെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മൈക്രോ വേവ് ഭക്ഷണം ഒഴിവാക്കുക. പ്ലാസ്റ്റിക് കുപ്പികളിലെയും കപ്പുകളിലെയും പാനീയം കുടിക്കാതിരിക്കുക, സമുദ്രവിഭവങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുക, പ്ലാസ്റ്റിക് രഹിത സൗന്ദര്യവർദ്ധക വസ്തുക്കൾ ശീലമാക്കുക.
ഡോ. വിവേകാനന്ദൻ പി. കടവൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |