SignIn
Kerala Kaumudi Online
Tuesday, 13 October 2026 9.23 AM IST

യാത്രയിലുടനീളം ശ്രീക്കുട്ടിയുടെ മദ്യപാനം; പൊലീസിന് ലഭിച്ചത് ഇരുവരും വഴിനീളെ മദ്യപിക്കുന്ന ദൃശ്യങ്ങൾ

READ ENGLISH VERSION
sreekkutty

കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ 45കാരിയായ കുഞ്ഞുമോളെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ അജ്‌മലും ശ്രീക്കുട്ടിയും വഴിനീളെ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സുഹൃത്തിന്റെ വീട്ടിലെ മദ്യസൽക്കാരത്തിന് ശേഷം വൈകിട്ടോടെ അജ്‌മലിന്റെ വീടിരിക്കുന്ന സ്ഥലമായ വെളുത്തമണലിലേക്ക് പോകുകയായിരുന്നു ഇവർ.

ഒന്നിലേറെ സ്ഥലങ്ങളിൽ ഇവർ കാറിലിരുന്ന് മദ്യപിക്കുകയും ചെയ്‌തു. സോമവിലാസം ചന്തമുക്കിലെ റോഡരികിൽ കാർ നിർത്തി ഗ്ലാസിൽ ശ്രീക്കുട്ടിക്ക് അജ്‌മൽ മദ്യം പകരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ലഹരിയിലായിരുന്ന അജ്‌മലിനോട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി സ്ഥലത്തുനിന്നും രക്ഷപ്പെടാൻ നിർബന്ധിച്ചതും ശ്രീക്കുട്ടിയായിരുന്നു.

തിരുവോണ ദിവസം വൈകിട്ട് 5.47ന് ആനൂർക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. നബിദിനം പ്രമാണിച്ച് ഭർത്തൃസഹോദരന്റെ ഭാര്യയായ ഫൗസിയയ്ക്കൊപ്പം ആനൂർക്കാവിലെ വസ്ത്രശാലയിൽ നിന്ന് പുതുവസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുഞ്ഞുമോൾ. സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാസ്താംകോട്ട ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാർ സ്കൂട്ട‌ർ ഇടിച്ചുവീഴ്ത്തി.

റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോൾ ഇടിച്ചിട്ട കാറിന്റെ മുൻ ചക്രത്തിനു മുന്നിൽപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ ഉച്ചത്തിൽ ബഹളം വച്ചെങ്കിലും അജ്മൽ കാർ പിന്നോട്ടെടുത്തശേഷം അമിത വേഗത്തിൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം നിറുത്താതെ പോവുകയായിരുന്നു.

കാർ ആദ്യം രണ്ടു തവണ മുന്നോട്ടെടുത്തെങ്കിലും കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല. നിമിഷനേരത്തിനുള്ളിൽ മൂന്നാമത് വീണ്ടും പിന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ചീറിപ്പായുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ കുഞ്ഞുമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

സ്ഥലത്തുണ്ടായിരുന്നവർ പിന്തുടർന്നതോടെ അജ്മൽ കരുനാഗപ്പള്ളി കോടതിക്കു സമീപം കാർ ഉപേക്ഷിച്ച് മതിൽചാടിക്കടന്ന് രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ വനിതാഡോക്ടറെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ ശൂരനാട് പതാരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് അജ്മലിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

ചന്ദനമരക്കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ പുന്തല തെക്കതിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (27), ഒപ്പമുണ്ടായിരുന്ന നെയ്യാറ്റിൻകര വഴുതൂർ അനുപമ ഹൗസിൽ ഡോ. ശ്രീക്കുട്ടി (27) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CAR ACCIDENT, KOLLAM, SREEKKUTTY AJMAL, POLICE, VIDEO, KUNJUMOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY