വിഴിഞ്ഞം: സ്വകാര്യ പുരയിടത്തിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു.തീ പടർന്ന് സമീപത്തെ മരങ്ങളും കത്തി.വിഴിഞ്ഞം തെന്നൂർക്കോണം കരിക്കാട്ടുവിള സ്വദേശികളായ ബെൽഗർ,പ്രദീപ് എന്നിവരുടെ സ്‌കൂട്ടറുകളും,ലുധിയാ ഹോമിൽ സാംസണിന്റെ ബൈക്കുമാണ് കത്തിനശിച്ചത്. ഇടുങ്ങിയ വഴിയായതിനാൽ വീടുകളിലേക്ക് വാഹനങ്ങൾ കടക്കാത്തതിനാൽ കോട്ടപ്പുറം സ്വദേശി കുമാറിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് കരിക്കാട്ടുവിള മേഖലയിലുള്ളവർ തങ്ങളുടെ ഇരുചക്രവാഹനങ്ങൾ സൂക്ഷിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു ഇവിടെ പാർക്കുചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ചത്. പ്രദീപിന്റെ സ്‌കൂട്ടറിനെയാണ് സമൂഹ വിരുദ്ധർ തീയിട്ടത്. ഇത് പൂർണമായും കത്തിനശിച്ചു. ഈ ബൈക്കിൽ നിന്ന് തീപടർന്നാണ് സമീപത്തുണ്ടായിരുന്ന ബെൽഗറിന്റെയും സാംസണിന്റെയും ബൈക്കും സ്‌കൂട്ടറും ഭാഗികമായി കത്തിയത്. തീപടരുന്നത് കണ്ട് സമീപത്ത് താമസിക്കുന്ന ബെൽഗർ ഓടിയെത്തി.തുടർന്ന് ഇയാളും ഭാര്യ റീജയും ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ച് വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരമറിയിച്ചു. സേന സ്ഥലത്തെത്തിയാണ് തീ പൂർണമായും കെടുത്തിയത്.വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.കേസെടുത്ത് അന്വേഷണമാരംഭിച്ചതായി വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |