നമ്മുടെ പുഞ്ചാരികളായ സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പുതുപുത്തൻ അറിവുകൾ അവരുടെ ഹൃദയത്തിന്റെ ഭാഷയിൽ പറഞ്ഞുമനസിലാക്കിയാൽ അവർ എന്തും നേടും. അതിന് തെളിവാണ് 2022 ലെ, അമേരിക്കയിലെ ഡാറ്റാജാമിന്റെ 'മികച്ച പുതിയ ടീം' അവാർഡ് നേടിയ പാലായിലെ വിദ്യാർത്ഥിസംഘം. ഡാറ്റാ സയൻസിനെ സ്നേഹിക്കുന്ന വിദ്യാർത്ഥികളുടെ കഴിവുകൾ പ്രചോദിപ്പിക്കാൻ സഹായിക്കുന്ന ഒരു സൂപ്പർ കമ്പ്യൂട്ടിംഗ് കേന്ദ്രമാണ് അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിലെ സാൻഡിഗോ സൂപ്പർ കമ്പ്യൂട്ടർ സെന്റർ. സാങ്കേതിക വിദ്യയിലെ നൂറുകണക്കിന് പ്രോജക്ടുകളെ ഇവർ പിന്തുണയ്ക്കുന്നുണ്ട്. ഡാറ്റാ സയൻസ് പഠനംഎങ്ങനെ നടത്താം, സാമ്പിൾ ശേഖരണ തന്ത്രങ്ങൾ എന്തെല്ലാം, സാങ്കേതികവിദ്യയെക്കുറിച്ചുള്ള പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് പ്രോജക്ടുകളുടെ ലക്ഷ്യം.
ജലത്തിന്റെ ഗുണനിലവാരം
ശുദ്ധമായ കുടിവെള്ള സേവനങ്ങളില്ലാതെ സമൂഹങ്ങളിൽ കോളറ, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യവും ജലമലിനീകരണുമായി ബന്ധപ്പെട്ട രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയേറെ. ഇതുണ്ടാവുന്നത് മിക്കപ്പോഴും താഴ്ന്ന വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന മേഖലകളിലാണ്. അതുകൊണ്ടാവാം 2022 ൽ പാലാ ആദിവാസി ഭൂമിയിലൂടെ ഒഴുകുന്ന നദിയിലെ, വെള്ളത്തിന്റെ പി.എച്ച് നില അറിയാൻ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വിവിധ ടീമുകൾ പങ്കെടുത്തുകൊണ്ടുള്ള മത്സരം ഏർപ്പെടുത്തിയത്. ഈ മത്സരത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 21 ടീമുകൾ പങ്കെടുത്തു. മിക്ക ടീമുകളും അമേരിക്കയിലെ പിറ്റ്സ്ബർഗ് ഡാറ്റാവർക്സിന്റെ ഡാറ്റാജാമിന്റെ സഹായം തേടി, പൊതുഡേറ്റയാണ് ഉപയോഗിച്ചത്. പക്ഷേ, നമ്മുടെ മലയാളി സംഘം നദിയുടെ ആരോഗ്യം മനസിലാക്കാൻ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായി പഠനം നടത്തി. ആ ഡാറ്റ അമേരിക്കയിലെ ജഡ്ജിമാർ പരിശോധിച്ചു. മറ്റു ടീമുകളുമായി താരതമ്യം ചെയ്തു. നമ്മുടെ മലയാളി വിദ്യാർത്ഥികളുടെ ടീം അംഗങ്ങൾ മറ്റു ടീമിലുള്ളവരെക്കാൾ പ്രായം കുറഞ്ഞവരായിട്ടുപോലും, അവർ ശേഖരിച്ച ഡാറ്റാ കണ്ട് ജഡ്ജിമാർ അത്ഭുതപ്പെട്ടു. അങ്ങനെ നമ്മുടെ പാലാ ടീം ഡാറ്റാജാമിന്റെ 'മികച്ച പുതിയ ടീം' ആയി.
ഓൺലൈൻ മത്സരം
കൊവിഡ്കാരണം ഇത്തവണത്തെ മത്സരം ഓൺലൈൻ ആയിരുന്നു. മാത്രമല്ല, പങ്കെടുത്ത സ്കൂൾ ടീമുകൾക്ക് വീഡിയോ കോൺഫറൻസ് വഴി പിറ്റ്സബർഗിലെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാർ വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. ലോകത്ത് എവിടെയുള്ളവർക്കും ഒരു ടീം രൂപീകരിച്ച് ഈ മത്സരങ്ങളിൽ പങ്കാളികളാവാം. ഇത്തരത്തിൽ ഒരു ടീം മത്സരത്തിലൂടെയാണ് വിളനാശത്തിന് ഉത്തരവാദികളായ ജീവികളെ തുരത്താൻ കർഷകർക്ക് ഏറെ പ്രയോജനകരമായ കീടനാശിനി കണ്ടെത്തിയത്. ഇതിലൂടെ ദശലക്ഷക്കണക്കിന് ഡോളറിന്റെ വിളനാശം ഒഴിവാക്കിക്കിട്ടി. നാഷണൽ സയൻസ് ഫൗണ്ടേഷൻ ഇൻഫർമേഷൻ സെന്ററിൽനിന്ന് വിശദവിവരങ്ങൾ ലഭിക്കും.
(അടുത്തയാഴ്ച : വെള്ളത്തിന്റെ പി.എച്ച് നില )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |