അട്ടപ്പാടിയിൽ 224 അരിവാൾ രോഗികൾ
പദ്ധതിക്കായ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകൾ 10 ലക്ഷം രൂപയും
അഗളി: അട്ടപ്പാടിയിലെ ആദിവാസികളിൽ അരിവാൾ രോഗികളെ കണ്ടെത്താൻ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ 50 ലക്ഷം രൂപയുടെ പദ്ധതി ഒരുങ്ങുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകൾ 10 ലക്ഷംരൂപ വീതവും പദ്ധതിക്കായി അനുവദിക്കും. അട്ടപ്പാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ജോജോ ജോണിനായിരിക്കും പദ്ധതി ചുമതല. അട്ടപ്പാടിയിൽ നിലവിൽ 224 അരിവാൾ രോഗികളുണ്ടെന്നാണ് കണക്ക്. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ വയനാടിനെ പരിഗണിച്ചെങ്കിലും അട്ടപ്പാടിയിൽ നടപ്പായില്ല. ഇതിനിടെ അട്ടപ്പാടിയിൽ അരിവാൾ രോഗികളുടെ തുടർച്ചയായ മരണം സംഭവിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് പുതിയ പദ്ധതിക്ക് രൂപം നൽകാൻ തീരുമാനിച്ചത്.
2024ലും 2023ലും മൂന്നുപേർ വീതം അരിവാൾ രോഗികളായ ആദിവാസികൾ മരിച്ചിരുന്നു. 2014 ലാണ് അവസാനമായി അരിവാൾരോഗ നിർണയം നടത്തിയത്. പല ഊരുകളിലേക്കും ഗതാഗത സൗകര്യമില്ലാത്തതിനാൽ പരിശോധന പൂർണമായിരുന്നില്ല. പിന്നീട് പല അസുഖങ്ങളുമായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തുന്നവരെ പരിശോധിച്ചതിൽ നിന്നാണ് 159 അരിവാൾ രോഗികളെ കണ്ടെത്തിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞവർഷം അരിവാൾ രോഗനിർണയത്തിന് തുടക്കം കുറിച്ചെങ്കിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അരിവാൾ രോഗ നിർമാർജനത്തിനായി പ്രത്യേകപദ്ധതികൾ പ്രഖ്യാപിച്ചതോടെ പരിശോധന നിലച്ചു.
പ്രാഥമിക പരിശോധന നടത്തും
192 ഊരുകളിലുള്ള എല്ലാവരെയും പരിശോധിച്ച് പ്രാഥമിക പരിശോധന നടത്തി രോഗികളെയും വാഹകരെയും കണ്ടെത്തും. രോഗം കണ്ടെത്തിയവരുടെ രക്തസാമ്പിളുകൾ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഇലക്‌ട്രോ ഫോസസ് മെഷീൻ ഉപയോഗിച്ച് പരിശോധിച്ച് അരിവാൾ രോഗം സ്ഥിരീകരിക്കും. ഇവരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് സൂക്ഷിക്കും. തുടർന്ന് ഇവരെ നിരീക്ഷിക്കാനാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |