കൊല്ലം: സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് പട്ടാപ്പകൽ വൃദ്ധയുടെ രണ്ടര പവന്റെ മാലയും മോതിരവും തട്ടിയെടുത്തു. ഇന്നലെ രാവിലെ പത്തോടെ കൊല്ലം രാമൻകുളങ്ങര ജംഗ്ഷന് സമീപമായിരുന്നു സംഭവം.
രാമൻകുളങ്ങര ജംഗ്ഷന് സമീപം നിൽക്കുകയായിരുന്ന വൃദ്ധയ്ക്കരികിലെത്തിയ യുവാവ് തന്ത്രപൂർവം സൗഹൃദം സ്ഥാപിച്ചു. താൻ സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. ഏറെ നേരം സംസാരിച്ച ശേഷം മാല ഇങ്ങനെ ഇട്ടുനടന്നാൽ ആരെങ്കിലും പിടിച്ചുപറിച്ച് കൊണ്ടുപോകില്ലേയെന്ന് ചോദിച്ചു. മാല ഊരി ബാഗിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. വൃദ്ധ മാല ഊരിയപ്പോൾ മോതിരവും ഊരാൻ നിർദേശിച്ചു. തുടർന്ന് സ്വർണാഭരണങ്ങൾ വാങ്ങി ബാഗിൽ ഭദ്രമായി വച്ചുകൊടുക്കുന്ന രീതിയിൽ അഭിനയിച്ചു. തുടർന്ന് ഏറെ നേരം സംസാരിച്ച ശേഷമാണ് യുവാവ് മുങ്ങിയത്.
വൃദ്ധ വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. പൊലീസ് പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |