ഉദ്ഘാടനം നാളെ മന്ത്രി വാസവൻ നിർവഹിക്കും
വൈക്കം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനദാസിന്റെ ഓർമ്മയ്‌ക്കായി ജന്മനാട്ടിലും ആശുപത്രി ഉയർന്നു. കടുത്തുരുത്തി മധുരവേലി പ്ലാമൂട് ജംഗ്ഷനിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30 ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
വന്ദനയുടെ അമ്മവീടായ ഹരിപ്പാട് തൃക്കുന്നപ്പുഴ വാലെക്കടവിൽ പല്ലനയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന് പുറമെയാണ് ജന്മനാട്ടിൽ ആറ് കിടക്കളോടുകൂടി കിടത്തി ചികിത്സയുള്ള ആശുപത്രി ആരംഭിക്കുന്നത്. ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ ഫാർമസി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.സ്മിത, റബർ ബോർഡ് എക്സിക്യുട്ടിവ് ഡയറക്ടർ എൻ.ഹരി, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി.സുനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുകുമാരി ഐഷ , സി.എൻ. മനോഹരൻ, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുനു ജോർജ് എന്നിവർ പങ്കെടുക്കും.
വീടിന് സമീപവും ആശുപത്രിയ്ക്ക് പദ്ധതി
മുട്ടുചിറയിലെ ഡോ. വന്ദനാദാസിന്റെ വസതിക്ക് സമീപം മറ്റൊരു ആശുപത്രി നിർമ്മിക്കാനും രക്ഷകർത്താക്കൾക്ക് പദ്ധതിയുണ്ട്. ഇതിനായി ട്രസ്റ്റ് രൂപീകരിക്കും. തന്റെ അയൽവാസികൾക്കും നാട്ടുകാർക്കും കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെന്ന വന്ദനയുടെ ആഗ്രഹങ്ങൾ സഫലീകരിക്കുകയാണ് അച്ഛനായ കെ.ജി. മോഹൻദാസും, അമ്മ ടി.വസന്തകുമാരിയും ചെയ്യുന്നതെന്ന് ഹോസ്പിറ്റൽ കോ - ഓർഡിനേറ്റർമാരായ പി.ജി. ഷാജിമോനും, ബിജി വിനോദും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |