
കോട്ടയം : കോട്ടയത്ത് ആദ്യമായി പറന്നിറങ്ങിയ രാഷ്ട്രപതി ദ്രൗപദി മുർമു ജില്ലയുടെ നിഷ്കളങ്ക സ്നേഹം ഹൃദയത്തിലാവാഹിച്ച് മടങ്ങി. പാതയോരത്ത് ഒത്തുകൂടിയ ജനങ്ങൾക്ക് മുന്നിലേയ്ക്ക് സകല പ്രോട്ടോക്കോളുകളും മറന്നിറങ്ങി. സാധാരണക്കാരിയെപ്പോലെ ചിരിതൂകിയും കൈവീശിക്കാണിച്ചും പകലിരവുകൾ തന്ന ആതിഥ്യമര്യാദയ്ക്കുള്ള നന്ദി, പറയാതെ പറഞ്ഞു. അക്ഷര നഗരിയെ പുകഴ്ത്തിയതിനും കുമരകത്തിന്റെ പെരുമ വീണ്ടും ആഗോള തലത്തിൽ എത്തിച്ചതിനും ജില്ലയും തിരികെ നന്ദിചൊല്ലി ഉപചാര പൂർവം യാത്രയാക്കി. മൂന്ന് ദിവസവും രാഷ്ട്രപതിയ്ക്കൊപ്പം ജില്ലയിൽ നിന്നുള്ള മന്ത്രി വി.എൻ.വാസവനുണ്ടായിരുന്നെന്നതും അഭിമാനമായി.
പാലാ സെന്റ് തോമസ് കോളേജിലെ പ്ളാറ്റിനം ജൂബിലി ആഘോഷം കഴിഞ്ഞ് കോട്ടയത്ത് നിന്ന് കുമരകത്ത് എത്തിയ രാഷ്ട്രപതി പലകുറി കുമരകത്തിന്റെ സൗന്ദര്യത്തെപറ്റി മന്ത്രി വാസവനോട് വാചാലയായി. കാർയാത്രയ്ക്കിടെ പാടവും പച്ചപ്പും, പറന്ന് പൊന്തുന്ന കൊറ്റിക്കൂട്ടങ്ങളയുമൊക്കെ കണ്ട് മനസ് നിറഞ്ഞു. രാത്രി വി.വി.ഐ.പികൾക്കായി അത്താഴ വിരുന്ന്. രാവിലെ കായൽസവാരി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. എന്നാൽ രാഷ്ട്രപതിയ്ക്കൊപ്പമുള്ളവർ കായൽ സവാരി നടത്തി. രാഷ്ട്രപതി സസ്യാഹാരം കഴിച്ചപ്പോൾ കരിമീൻ രുചിച്ചും നാടൻ ഭക്ഷണം കഴിച്ചും കൂടെയുള്ളവരും ഹാപ്പി. തിരികെ മടങ്ങും വഴിയാണ് കുമരകം ചന്തക്കടവിലെ പാതയോരത്തെ ബാരിക്കേഡുകൾക്കുള്ളിൽ നിന്നിരുന്ന നാട്ടുകാരെ അഭിവാദ്യം ചെയ്യാനായി കാറിൽ നിന്നിറങ്ങിയത്. പ്രഥമ പൗരയുടെ പുഞ്ചിരിക്കും കൈവീശലിനും സ്നേഹമെന്നും നന്ദിയെന്നുമുള്ള നിർവചനം. അസുലഭാവസരം ക്യാമറയിൽ പകർത്താൻ നാട്ടുകാരും ആമോദത്തോടെ തിരക്കിട്ടു. ഇല്ലിക്കലിൽ കാത്തു നിന്ന സ്കൂൾ കുട്ടികൾക്ക് ചോക്ളേറ്റും നൽകി. ബേക്കർ ജംഗ്ഷനിലും വിദ്യാർത്ഥികളടക്കമുള്ളവർ. ചില്ല് ഗ്ളാസിനുള്ളിൽക്കൂടി എല്ലാം കണ്ടു. പരേഡ് ഗ്രൗണ്ടിൽ നിന്ന് ഉയർന്ന ഹെലികോപ്ടറിൽ നിന്ന് പലകുറി താഴേയ്ക്ക് നോക്കി. അപ്പോഴും ഗ്രൗണ്ടിനരികിൽ കൈവീശി ജനക്കൂട്ടമുണ്ടായിരുന്നു. ജില്ലയുടെ പ്രകൃതി മാത്രമല്ല, ആളുകളും അത്രയും പച്ചപ്പുള്ളവരാണെന്ന ചിന്ത പ്രഥമപൗരയുടെ മനസിൽ ചെറുകാറ്റായി വീശിയിട്ടുണ്ടാവും.
കേരള സന്ദർശനം 'സ്വീറ്റ് മെമ്മറി'
'' സംസ്ഥാന സർക്കാരിന്റെ കരുതലിന് നന്ദി പറഞ്ഞാണ് രാഷ്ട്രപതി മടങ്ങിയത്. ഭരണഘടനാപരമായ ചുമതല നിർവഹിക്കാനാണ് മൂന്ന് ദിവസം രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നതെങ്കിലും വ്യക്തിപരമായി ലഭിച്ച അപൂർവാവസരം കൂടിയായി അത്'' മന്ത്രി വി.എൻ.വാസവൻ വാചലനായി. ശബരിമല സന്ദർശനത്തിൽ രാഷ്ട്രപതി അങ്ങേയറ്റം സന്തുഷ്ടയായിരുന്നു. വനഭംഗിയും ക്ഷേത്ര പശ്ചാത്തലവും എടുത്തു പറഞ്ഞു. അയ്യപ്പ ശില്പം ദേവസ്വം ബോർഡിന്റെ ഉപഹാരമായി നൽകിയപ്പോൾ ഒരുപാട് സന്തോഷമായി. വൈകിട്ട് തിരുവനന്തപുരത്ത് ഒരുക്കിയ വിരുന്നിൽ മുൻ രാഷ്ട്രപതിയടക്കമുള്ളവർ പങ്കെടുത്തിരുന്നു. കെ.ആർ.നാരായണന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലും ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധി ശതാബ്ദി ആഘോഷത്തിലും പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും പങ്കുവച്ചു. കേരള സന്ദർശനത്തെ സ്വീറ്റ് മെമ്മറിയെന്നാണ് വിശേഷിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
''രാഷ്ട്രപതിയുടെ ലാളിത്യവും എളിമയും എത്ര പറഞ്ഞാലും മതിയാവില്ല. ഹെലികോപ്ടറിൽ അടുത്തിരിക്കാനും ക്ഷണിച്ചു. കുമരകത്തിന്റെ അന്തരീക്ഷം അവർക്ക് മാത്രമല്ല ഒപ്പമുണ്ടായിരുന്നവർക്കും ഇഷ്ടപ്പെട്ടു. രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം ഇനിയും കുമരകത്ത് വരുമെന്ന് പറഞ്ഞു. നെടുമ്പാശേരിയിൽ നിന്ന് യാത്രയാക്കുമ്പോൾ പലതവണ നന്ദി പറഞ്ഞു.
മന്ത്രി വി.എൻ.വാസവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |